Asianet News MalayalamAsianet News Malayalam

ബാച്ചിലർ വീക്ക്, പിന്നെ കല്യാണ മാമാങ്കം, ചെലവ് 490 കോടി രൂപ! അമ്പമ്പോ അതിശയ കല്യാണമെന്ന് സോഷ്യൽ മീഡിയ

വിവാഹച്ചെലവ് കണ്ട് ചിലർ അതിശയിച്ചു. മറ്റു ചിലരാകട്ടെ ഇത് ധൂര്‍ത്താണെന്നും ആഘോഷം അതിരു കടന്നെന്നും അഭിപ്രായപ്പെട്ടു.
 

All about Madelaine Brockway viral ultra luxurious wedding SSM
Author
First Published Nov 27, 2023, 1:33 AM IST

ഇന്ത്യയില്‍ ഇത് കല്യാണക്കാലമാണ്. നവംബർ 23 നും ഡിസംബർ 15 നും ഇടയിൽ ഏകദേശം 35 ലക്ഷം കല്യാണങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വിപണിയിലേക്ക് ഒഴുകുക 4.25 ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. അതിനിടെ ആഡംബരം എന്നൊന്നും പറഞ്ഞാല്‍പ്പോരാ ഒരു അത്യാഡംബര കല്യാണത്തിന്‍റെ വിശേഷം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഒന്നല്ല രണ്ടല്ല 490 കോടി ചെലവഴിച്ച് അഞ്ച് ദിവസത്തെ കല്യാണ മാമാങ്കമാണ് നടന്നത്. ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

നവംബര്‍ 18ന് പാരിസിലാണ് ഈ കല്യാണ മാമാങ്കം നടന്നത്. നൂറ്റാണ്ടിന്‍റെ കല്യാണം എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍. മഡലെയ്ൻ ബ്രോക്ക്‌വേ എന്ന 26കാരിയായ സംരംഭകയും അവരുടെ ദീര്‍ഘകാലത്തെ കാമുകന്‍ ജേക്കബ് ലാഗ്രോണും തമ്മിലുള്ള വിവാഹമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇവരങ്ങനെ അറിയപ്പടുന്ന സെലിബ്രിറ്റികളൊന്നും അല്ല. പക്ഷേ ഈ വിവാഹത്തിലൂടെ ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

സൌത്ത് ഫ്ലോറിഡ സ്വദേശിനിയാണ് മഡലെയിന്‍. യൂട്ടയിലെ കാന്യോൺ പോയിന്റിലെ ആഡംബര റിസോർട്ടായ അമൻഗിരിയിൽ  ബാച്ചിലര്‍ വീക്കോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. അവിടെ ഒരു രാത്രി തങ്ങാന്‍ ഏറ്റവും കുറഞ്ഞ വില 2,62,441 രൂപയാണ് (3150 ഡോളര്‍). യൂട്ടയിലെ ബാച്ചിലര്‍ പാര്‍ട്ടിക്ക് ശേഷം വധൂവരന്മാരും അതിഥികളും പാരിസിലേക്ക് പറന്നു.

വിവാഹത്തില്‍ പങ്കെടുക്കാനുള്ള അതിഥികളെ സ്വകാര്യ ജെറ്റുകളിലാണ് പാരീസില്‍ എത്തിച്ചത്. വെർസൈൽസ് കൊട്ടാരത്തിലായിരുന്നു ചടങ്ങുകള്‍. മറൂൺ 5 എന്ന പ്രശസ്ത ബാന്‍ഡായിരുന്നു മറ്റൊരു ആകര്‍ഷണം. വിവാഹ വേദി അതിമനോഹരമായ പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. വിലകൂടിയ വസ്ത്രങ്ങളാണ് വധൂവരന്മാര്‍ എല്ലാ ദിവസവും അണിഞ്ഞത്. ആഡംബര ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും കണ്ട് സോഷ്യല്‍ മീഡിയ അമ്പരന്നിരിക്കുകയാണ്, മോഡല്‍ സോഫിയ റിച്ചിയുടെ വിവാഹം ഈ വർഷത്തെ ചർച്ചയായപ്പോൾ, മഡലെയിന്‍റെ വിവാഹം അതിനെ മറികടന്നു എന്നാണ് ഇവന്റ് പ്ലാനര്‍ ലോറൻ സിഗ്മാൻ പ്രതികരിച്ചത്. 

 

 

വിവാഹം വിദേശത്ത് നടത്തേണ്ടതുണ്ടോ? ഇന്ത്യയിൽ നടത്താൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി, കാരണം...

ടെക്‌സാസിലെ സംരംഭകയാണ് മഡലെയ്‌ൻ ബ്രോക്ക്‌വേ. അച്ഛന്‍  റോബർട്ട് ബോബ് ബ്രോക്ക്‌വേ കാര്‍ ഡീലര്‍ ബിസിനസാണ് നടത്തുന്നത്. മെഴ്‌സിഡസ് - ബെൻസ് ഡീലർഷിപ്പുകൾ ഉൾപ്പെടുന്ന ബിൽ ഉസ്സേരി മോട്ടോഴ്‌സിന്റെ ചെയർമാനും സിഇഒയുമാണ്. വിവാഹച്ചെലവ് കണ്ട് ചിലർ അതിശയിച്ചു. നൂറ്റാണ്ടിന്‍റെ വിവാഹമെന്ന് വിശേഷിപ്പിച്ചു. മറ്റു ചിലരാകട്ടെ ഇത് ധൂര്‍ത്താണെന്നും ആഘോഷം അതിരു കടന്നെന്നും അഭിപ്രായപ്പെട്ടു.


 

Follow Us:
Download App:
  • android
  • ios