കാര്‍ട്ടൂണിലൂടെയാണ് അമുൽ അഭിനന്ദനെ സ്വാഗതം ചെയ്തത്. കയ്യിൽ പലഹാരം പിടിച്ച് നിൽക്കുന്ന അമുൽ ബേബിയും അഭിനന്ദന് പലഹാരം വായിൽ വച്ച് കൊടുക്കുന്ന ഉദ്യോഗസ്ഥന്റനുമാണ് കാർട്ടൂണിലുള്ളത്.
ദില്ലി: പാകിസ്ഥാൻ കസ്റ്റഡിയിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാന്റെ വരവ് ആഘോഷമാക്കി പ്രമുഖ പാല്‍ ഉല്‍പ്പന്ന കമ്പനിയായ അമുല്‍. കാര്‍ട്ടൂണിലൂടെയാണ് അമുൽ അഭിനന്ദനെ സ്വാഗതം ചെയ്തത്. കയ്യിൽ പലഹാരം പിടിച്ച് നിൽക്കുന്ന അമുൽ ബേബിയും അഭിനന്ദന് പലഹാരം വായിൽ വച്ച് കൊടുക്കുന്ന ഉദ്യോഗസ്ഥന്റനുമാണ് കാർട്ടൂണിലുള്ളത്.
അമുലിന്റെ മറ്റൊരു കാർട്ടൂണും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി മറികടന്ന് നടത്തിയ ആക്രമണത്തിന് ആദരം അര്‍പ്പിച്ച് കൊണ്ടുള്ള കാർട്ടൂണാണിത്. വ്യോമസേന പൈലറ്റുമാരുടെ കഴിവിനും ധീരതയ്ക്കും അഭിനന്ദനങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കാർട്ടൂൺ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. ഹെലിക്കോപ്റ്ററിന്റെ മുന്നിൽനിന്ന് നടന്നുവരുന്ന രണ്ട് വ്യോമസേന പൈലറ്റുമാരെ അഭിവാദ്യം ചെയ്യുന്ന അമുൽ ബേബിയാണ് കാര്‍ട്ടൂണ്‍.
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നാണ് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈനികരുടെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയിൽ റെഡ് ക്രോസിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്.
