കൊച്ചി: കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ സ്വന്തം അമ്മ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. കാമുകനൊപ്പം ജീവിക്കാനാണ് കണ്ണൂര്‍ സ്വദേശിനിയായ ശരണ്യ സ്വന്തം കുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയത്.  വര്‍ധിച്ച് വരുന്ന ഇത്തരം കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ടെലിവിഷന്‍ അവതാരകയായ അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്.

'പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിർത്താറായി...! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല...' എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്.  അശ്വതിയുടെ കുറിപ്പിനെ പിന്തുണച്ച് നിരവധി പേരാണ് കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നൂറുകണക്കിന് പേര്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരന്‍ വിവാനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലേദിവസം അമ്മയുടെ വീട്ടില്‍ അച്ഛന്‍ പ്രണവിനൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. രാവിലെ കുഞ്ഞിനെ കാണാതായതോടെ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് നാട്ടുകാരും പൊലീസും കൂടി നടത്തിയ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്‍റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും അന്‍പത് മീറ്റര്‍ അകലെയുള്ള  കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.