ഹൈദരാബാദ്: പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ മകളെ സല്യൂട്ട് ചെയ്യുന്ന സർക്കിൾ ഇൻസ്പെക്ടറായ അച്ഛന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ആന്ധ്രാപ്രദേശ് പൊലീസിലാണ് ഇത്തരമൊരു അപൂർവ്വമായ കാഴ്ച നടന്നത്. ജനുവരി 3 ന് നടന്ന ആന്ധ്രാപ്രദേശ് പൊലീസിന്റെ ഡ്യൂട്ടി മീറ്റിൽ പങ്കെടുക്കാനെത്തിയപ്പോൾ തിരുപ്പതിയിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

​ഗുണ്ടൂർ ജില്ലയിലെ ഡിഎസ്പിയാണ് ശ്യാം സുന്ദറിന്റെ മകൾ ജെസ്സി പ്രശാന്തി. ആന്ധ്രാപ്രദേശ് പൊലീസാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. പൊലീസ് ‍ഡ്യൂട്ടി മീറ്റ് കുടുംബ സം​ഗമമായെന്നാണ് ചിത്രം പങ്കുവച്ച് ആന്ധ്രാ പൊലീസ് ട്വിറ്ററിൽ കുറിച്ചത്. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തത്. ആ അച്ഛന് ലഭിക്കാവുന്ന ഏറ്റവും അഭിമാനകരമായ നിമിഷം എന്നാണ് ട്വിറ്റർ കുറിച്ചത്.