ബെം​ഗളൂരു: വഴിനീളെ കുഴിയായാൽ വാഴവെച്ച് പ്രതിഷേധിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. ആ വഴിയിലൂടെ ബഹിരാകാശയാത്രികരെപ്പോലെ നടന്ന് പ്രതിഷേധിച്ച ഒരു കലാകാരന്റെ വീഡിയോ ആണ് ഇപ്പോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ബെംഗളൂരുവിലെ തുംഗനഗറിലാണ് സംഭവം.

കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾക്ക് പേരുകേട്ട സ്ഥലമാണ് തുംഗനഗർ. കലാകാരനായ ബാദൽ നഞ്ചുണ്ടസ്വാമിയാണ് റോഡിലെ കുഴികൾ നികത്തി ​ഗതാ​ഗതായോ​ഗ്യമാക്കാത്തതിന്റെ പേരിൽ ബഹിരാകാശയാത്രികന്റെ വേഷംകെട്ടി മൂൺവാക്ക് നടത്തിയത്.

 

ഇതിനു മുൻപും നിശബ്ദ പ്രതിഷേധങ്ങളിലൂടെ അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ നഞ്ചുണ്ടസ്വാമി ശ്രമിച്ചിട്ടുണ്ട്. തന്റെ ബഹിരാകാശ വേഷവും കാണേണ്ടവർ കാണുമെന്നും തുംനഗറിലെ റോഡ് നന്നാക്കുമെന്നുമാണ് നഞ്ചുണ്ടസ്വാമിയുടെ പ്രതീക്ഷ.