ഭാഗൽപൂർ: ബിഹാറിൽ നിതീഷ് കുമാറിന്റെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത സ്ഥാനമേറ്റെടുത്തതിന് പിന്നാലെ വിവാദങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്.  ദേശീയഗാനം പോലും തെറ്റില്ലാതെ മുഴുവനും ഓർത്തു ചൊല്ലാൻ അറിയാത്ത ആളാണ് ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിലെ പുതിയ വിദ്യാഭ്യാസമന്ത്രി എന്നതാണ് രാഷ്ട്രീയ ജനതാ ദളിന്റെ ആക്ഷേപം. ഇതേ ആക്ഷേപം ഉന്നയിച്ചു കൊണ്ട് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിളിൽ നിന്ന് ഒരു വിഡിയോയും ആർജെഡി ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രസ്തുത വീഡിയോ നിമിഷങ്ങൾക്കകം വൈറലായി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചുകഴിഞ്ഞു. 

 

 

ഏതോ സ്‌കൂളിലെ പതാകയുയർത്താൽ ചടങ്ങിന്റെ ഭാഗമായി എടുത്ത ഈ വീഡിയോ എന്നത്തേതാണ് എന്ന് വ്യക്തമല്ല. ഇന്നാണ് ആർജെഡി ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ആദ്യമായി ഇത്തവണ ക്യാബിനറ്റിൽ ഉൾപ്പെടുത്തപ്പെട്ട ഡോ. മേവാലാൽ ചൗധരിക്ക് നിതീഷ് കുമാർ അനുവദിച്ചു നല്കിയിട്ടുളളത് വിദ്യാഭ്യാസവകുപ്പാണ്. ദേശീയ ഗാനം പോലും നേരെ ചൊവ്വേ ഓർത്തെടുക്കാൻ പറ്റാത്ത ഒരാളെയാണോ വിദ്യാഭ്യാസ വകുപ്പുപോലുള്ള ഗൗരവമുള്ള പോർട്ട് ഫോളിയോ ഏൽപ്പിച്ചിരിക്കുന്നത് എന്നാണ് ആർജെഡിയുടെ ആക്ഷേപം. 

ഇതിനു മുമ്പ് ഭഗൽപൂർ സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നു ഡോ. മേവാലാൽ ചൗധരി എന്ന യോഗ്യതപ്പുറത്താണ് അദ്ദേഹത്തിന് വിദ്യാഭ്യാസവകുപ്പ് തന്നെ അനുവദിച്ച് കിട്ടിയത്. എന്നാൽ, 2012 -ൽ വിസി ആയിരിക്കെ നടത്തിയ 161 അസിസ്റ്റന്റ് പ്രൊഫസർമാരുടെയും,ജൂനിയർ സയന്റിസ്റ്റുകളുടെയും നിയമനത്തിൽ  ചൗധരി അഴിമതി കാണിച്ചു എന്നാരോപിച്ച് വിജിലൻസ് എഫ്‌ഐആർ ഇട്ട് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.  ഈ കേസിൽ കോടതിയിൽ നിന്ന് മുൻ‌കൂർ ജാമ്യവും ഡോ. ചൗധരി നേടിയിട്ടുണ്ട്. 

2015 -ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷമാണ് ഡോ. ചൗധരി രാഷ്ട്രീയത്തിലിറങ്ങുന്നത്. താരപൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് അദ്ദേഹം. അതെ മണ്ഡലത്തിൽ നിന്ന് മുമ്പ് എംഎൽഎ ആയിരുന്ന അദ്ദേഹത്തിന്റെ പത്നി 2019 -ൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു മരിച്ച കേസിലും ഇദ്ദേഹത്തിന്റെ പേര് സംശയത്തിന്റെ നിഴലിൽ വന്നിട്ടുണ്ടായിരുന്നു.