വാഷിം​ഗ്ടൺ: ഇന്നലെ വരെ ആരും ഇല്ലാതിരുന്ന മൈക്കലിന് അച്ഛനും അമ്മയും ഒക്കെ ഉണ്ടായപ്പോള്‍ അത് ആഘോഷിക്കാന്‍ അവന്‍ തനിച്ചല്ല വന്നത്. ഒപ്പം തന്റെ കിന്റര്‍ഗാര്‍ഡന്‍ ക്ലാസിലെ കൂട്ടുകാരുമുണ്ടായിരുന്നു. നിയമപരമായി കോടതി മുറിയ്ക്കുള്ളില്‍ ദത്തെടുക്കല്‍ ചടങ്ങിനായി എത്തിയപ്പോഴാണ് മൈക്കല്‍ ക്ലാക്ക് ജൂനിയര്‍ തൻെ സഹൃത്തുക്കളേയും ഒപ്പം കൂട്ടിയത്. ആന്‍ഡ്രിയയും ഡേവ് ഈറ്റനുമാണ് യുഎസിലെ മിഷിഗണിലെ കെന്റ് കൗണ്ടി കോടതി മുറിയ്ക്കുള്ളില്‍ വെച്ച്‌ മൈക്കലിനെ ദത്തെടുത്തത്. 

മൈക്കിളിനെ ദത്തെടുക്കാൻ ദമ്പതികൾക്ക് ജഡ്ജി അനുവാദം നൽകിയപ്പോൾ, കൂട്ടുകാർ ഹൃദയാകൃതിയിലുള്ള കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി സന്തോഷം പങ്കുവെച്ചു. യുഎസ് മിഷിഗണിലെ വെല്‍ത്തി എലിമെന്ററി സ്‌കൂളിലെ കിന്റര്‍ ഗാര്‍ട്ടനിലായിരുന്നു മൈക്കിൾ സൂഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞിരുന്നത്.

തന്റെ പുതിയ അച്ഛന്റെയും അമ്മയുടെയും അരികിൽ മൈക്കിൾ വളരെ കൂളായി ഇരിക്കുനനതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മൈക്കലിന്റെ കൂളായുള്ള ഇരിപ്പ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രങ്ങൾ ഷെയർ ചെയ്യുകയും കമന്റിടുകയും ചെയ്തിരിക്കുന്നത്. മൈക്കലിനെ കഴിഞ്ഞ ഒരുവര്‍ഷമായി ആന്‍ഡ്രിയയും ഡേവുമാണ് സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. തുടർന്ന് ഇരുവരും മൈക്കളിനെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു.