നാട്ടിന്‍പുറങ്ങളിലെ മൈതാനത്ത് കളിക്കുമ്പോള്‍ അയല്‍വക്കത്തെ വീട്ടിലേക്ക് പന്തുപോയാല്‍ അതുണ്ടാക്കുന്ന പൊല്ലാപ്പൊന്ന് വേറെയാണ്. രക്ഷാധികാരി ബൈജു, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി സിനിമകളിലൊക്കെ അയല്‍വക്കത്തെ വീട്ടിലേക്ക് പന്തു പോയതിന് ശേഷമുണ്ടായ കാര്യങ്ങളെ കുറിച്ച് രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

​ഗ്രൗണ്ടിൽ പന്തുകളിക്കുന്നതിനിടെ അയൽവക്കത്തെ വീട്ടിൽ വീണ പന്ത് തിരിച്ചു കിട്ടിയതാകട്ടെ കുത്തിക്കിറിയ നിലയിൽ. ഇത് കുട്ടിയെ രോഷകുലനാക്കി. പന്തിനെ ഈ ​ഗതിയിലാക്കിയ അയൽക്കാരി കാണിച്ചത് മോശമായിപ്പോയെന്നാണ് കുട്ടി പറയുന്നത്.

‘1750 രൂപയാ ആ പന്തിന്. ആ ചേച്ചി എന്തോത്തിനാ അത് കുത്തിപ്പൊട്ടിച്ചു കളഞ്ഞേ. അതും മീൻ പിച്ചാത്തി കൊണ്ട്..എന്തോത്തിനാ.. മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്. പന്ത് കണ്ട.. പന്ത് കണ്ട നിങ്ങള്...എന്തൊരു സ്വഭാവമാണ് ചേച്ചി‘ കുട്ടി രോക്ഷത്തോടെ പറയുന്നു.

ഫേസ്ബുക്കിൽ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്. പന്ത് അപ്പുറത്തെ വീട്ടിലേക്ക് വീണ കുറ്റത്തിന് ആ ചേച്ചി കാണിച്ചത് ഒട്ടും ശരിയായില്ലെന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.