ഡെറാഡൂണ്‍: കുത്തിയൊഴുകുന്ന ഗംഗാനദിയില്‍ ഒഴുക്കില്‍ പെട്ടയാളെ രക്ഷിച്ച പൊലീസുകാരന്‍റെ വീഡിയോ വൈറലാകുന്നു. ഉത്തരാഖണ്ഡ് പൊലീസാണ് ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.  ഉത്തരാഖണ്ഡ് പൊലീസ് സേനാംഗമായ സണ്ണിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഹരിയാനക്കാരനായ വിശാലായിരുന്നു അപകടത്തില്‍ പെട്ടത്.

കാംഗ്രോഘട്ടില്‍ ഗംഗാ സ്നാനം ചെയ്യാനൊരുങ്ങവെ കാല്‍വഴുതി വീഴുകയായിരുന്നു. ഒഴുക്കില്‍ പെട്ട് മുങ്ങിപ്പൊങ്ങുന്ന വിശാലിനെ കണ്ടയുടന്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന സണ്ണി എടുത്തുചാടി. വിശാലിനെ പിടിച്ച് നീന്തി കരയ്ക്കെത്തിക്കുകയായിരുന്നു. 

സണ്ണി വിശാലിലെ രക്ഷിക്കുന്ന വീഡിയോ ഇതിനോടകം വൈറലായി. നിരവധിപേര്‍ വീഡിയോ പങ്കുവയ്ക്കുകയും സണ്ണിക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ ഇതിനോടകം ഒരു ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.