ബീജിങ്: മുങ്ങിത്താഴുന്ന യുവതിയെ രക്ഷിച്ച് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥന്‍. ചൈനയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ സ്റ്റീഫന്‍ എല്ലിസണാണ് യുവതിയെ മരണത്തില്‍നിന്ന് രക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് ആളുകള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടു. ചോംഗ്ക്വിങ് കൗണ്‍സല്‍ ജനറലാണ്  സ്റ്റീഫന്‍ എല്ലിസണ്‍. ശനിയാഴ്ചയാണ് സംഭവം.

സംഭവത്തിന്റെ വീഡിയോ ദൃശ്യം
 

നഗരത്തില്‍ ചുറ്റിക്കറങ്ങാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥിയായ യുവതി നദിയില്‍ വീണ് മുങ്ങിത്താഴുന്നത് കണ്ടത്. കൂടെയുള്ളവര്‍ നിലവിളിക്കുന്നുണ്ട്. എന്നാല്‍, മറ്റൊന്നുമാലോചിക്കാതെ കൗണ്‍സല്‍ ജനറല്‍ ഒഴുക്കുള്ള നദിയിലേക്ക് എടുത്തുചാടി യുവതിയെ കരക്കെത്തിച്ചു. യുവതി അബോധാവസ്ഥയിലായിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അദ്ദേഹത്തിന്റെ സല്‍പ്രവൃത്തിയെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ അഭിമാനിക്കുന്നുവെന്ന് യുകെ ഡിപ്ലോമാറ്റിക് മിഷന്‍ ട്വീറ്റ് ചെയ്തു.