ബ്രസീലിയ: പതിവുപോലെ മരുന്ന് വാങ്ങാന്‍ ഫാര്‍മസിയിലെത്തിയതായിരുന്നു വൃദ്ധയായ സ്ത്രീ. എന്നാല്‍ പതിവിന് വിപരീതമായി പെട്ടെന്നാണ് കടയിലേക്ക് രണ്ട് മോഷ്ടാക്കള്‍ അതിക്രമിച്ച് കയറിയത്. ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന മോഷ്ടാക്കളെ കണ്ട വൃദ്ധ ഭയന്നുവിറച്ചു. തന്‍റെ ജീവന്‍ പോലും അപകടത്തിലാകുമെന്ന് ഓര്‍ത്തിട്ടാവാം മോഷ്ടാക്കളോട് 'പണം നല്‍കാം, വെറുതെ വിടൂ' എന്ന് അവര്‍ പറഞ്ഞത്. എന്നാല്‍ പണം നിരസിച്ച മോഷ്ടാവ് വൃദ്ധയ്ക്ക് നല്‍കിയത് സ്നേഹചുംബനം!

ബ്രസീലിലാണ് സംഭവം. സാമുവല്‍ അല്‍മെയ്ഡ എന്നയാളുടെ ഫാര്‍മസിയില്‍ ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. വൃദ്ധയ്ക്ക് പുറമെ മറ്റ് രണ്ട് ജീവനക്കാരാണ് കടയില്‍ ഉണ്ടായിരുന്നത്. മോഷ്ടാക്കള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ വൃദ്ധയും ഭയന്നു. മോഷ്ടാക്കളില്‍ ഒരാളോട് തന്‍റെ കയ്യിലുള്ള പണം തരാം തന്നെ വെറുതെ വിടണമെന്ന് അവര്‍ അപേക്ഷിച്ചു. എന്നാല്‍ പണം നിരസിച്ച മോഷ്ടാവ് വൃദ്ധയെ ആശ്വസിപ്പിക്കാനായി നെറ്റിയില്‍ ചുംബിക്കുകയായിരുന്നു. പണം നല്‍കാമെന്ന് വൃദ്ധ പറഞ്ഞപ്പോള്‍ 'വേണ്ട മാഡം, നിങ്ങള്‍ നിശബ്ദയായിരിക്കൂ, നിങ്ങളെ ഒന്നും ചെയ്യില്ല, പണവും വേണ്ട' എന്നാണ് മോഷ്ടാവ് പറഞ്ഞത്. ഫാര്‍മസിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയായിരുന്നു.