രാത്രിയില്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ കാട്ടാനയെ വിരട്ടിയോടിച്ച് കുഞ്ഞുപൂച്ച. തായ്ലാന്‍ഡിലാണ് സംഭവം. തായ്ലാന്‍ഡിലെ ദേശീയ മൃഗമാണ് ആന. ആനകളെ സംരക്ഷിത ജീവികളായാണ് തായ്ലാന്‍ഡില്‍ കണക്കാക്കുന്നത്. ഇത് കൂടാതെ ആനയെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്തുകയോ കൊല്ലുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹവുമാണ് ഇവിടെ.

അതുകൊണ്ട് തന്നെ വയലുകളിലേക്കും വീട്ടിലേക്കും കാട്ടാന കടന്നുകയറിയാല്‍ കയ്യുംകെട്ടി നോക്കി ഇരിക്കാനേ സാധിക്കു. എന്നാല്‍ പാതിരാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സ്ഥിരം ശല്യക്കാരനായ കാട്ടാനയെ വിരട്ടിയോടിച്ച സിംബ എന്ന്  പൂച്ചയാണ് സമൂഹമാധ്യമങ്ങളിലെ താരം. തായ്ലാന്‍ഡിലെ നാഖോന്‍ നായോഖ് മേഖലയിലാണ് സംഭവം നടന്നത്.

സ്ഥലത്തെ സ്ഥിരം ശല്യക്കാരനാണ് പൈ സാലിക്ക് എന്ന കാട്ടാന. കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും പൈ സാലിക്ക് കടന്ന് കയറുന്നത് ഇവിടെ സാധാരണമാണ്. വീട്ടുമുറ്റത്തേക്ക് എത്തിയ കാട്ടാനയ്ക്ക് മുന്നില്‍ ചീറിക്കൊണ്ട് നില്‍ക്കുന്ന സിംബയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്. ആനയെ വെളിച്ചം കാണിച്ച് ഓടിക്കാനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടപ്പോഴാണ് സിംബയുടെ വെല്ലുവിളി വന്നത്.

മുഖാമുഖം നിന്ന് കുറച്ച് നേരത്തിന് ശേഷം കാട്ടാന പിന്‍വാങ്ങുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മൂന്നുവയസുള്ള പൂച്ചയാണ് സിംബയെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. വലിപ്പ വ്യത്യാസം നോക്കാതെ ആനയ്ക്ക് നേരെ പാഞ്ഞുചെന്ന സിംബയ്ക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.