പ്രളയദുരിതം നേരിടുന്ന ജനതയെ കൈപിടിച്ചുയര്‍ത്താന്‍ കേരളമൊന്നാകെ കൈ കോര്‍ക്കുകയാണ്. പിറന്നാളുടുപ്പ് വാങ്ങാനായി സ്വരുക്കൂട്ടിയ പണം വരെ മുഖ്മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കുഞ്ഞുങ്ങളുടെ സ്നേഹം വരെ കേരളം അനുഭവിച്ചറിഞ്ഞു. ഇപ്പോഴിതാ നിഷ്കളങ്കരായ രണ്ട് കുഞ്ഞുങ്ങള്‍ തങ്ങളുടെ കൈയ്യിലുള്ള സമ്പാദ്യം മുഴുവന്‍ ദുരിതബാധിതരെ സഹായിക്കാനായി നല്‍കുന്ന വീഡിയോ വൈറലാവുകയാണ്.

ദുരിതബാധിതരെ സഹായിക്കാൻ ഒരു രൂപാ പോലും കൊടുക്കാത്തവരൊക്കെ കണ്ണ് തുറന്നുകാണുക. ‘പിള്ളേരാണ്.. ഓര്ടെ വല്ല്യ മനസ്സാണ്’ എന്ന അടിക്കുറിപ്പോടെ ഇഖ്ബാല്‍ ഹൈദര്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഏവരുടെയും മനസ് നിറയ്ക്കുന്നത്. കയ്യിലുള്ള സമ്പാദ്യവും പെരുന്നാളിന് കിട്ടിയ തുകയും ഒക്കെചേർത്ത് മലബാറിന് ഒരു കൈതാങ്ങ് നൽകാൻ എത്തിയതാണ് പെണ്‍കുട്ടിയും അനിയനും. ആദ്യം അനിയൻ കയ്യിലുണ്ടായിരുന്ന നോട്ടുമുഴുവനും സന്തോഷത്തോടെ നൽകി. 

പിന്നാലെ ചേച്ചിയും ബാഗ് തുറന്ന് അതിലുണ്ടായിരുന്ന അവസാന ചില്ലറ തുട്ടും പ്രളയബാധിതർക്ക് അവൾ നൽകി. ഇതുകണ്ട് നിന്ന് അനിയൻ ചേച്ചിയോട് നിഷ്കളങ്കമായി ചോദിച്ചു. ‘എടീ ഫുള്ളും കൊടുക്കല്ലേടീ..’ അവന്റെ നിഷ്കളങ്കമായ ആ ചോദ്യത്തിന് മുന്നിൽ ചേച്ചിയും അവിടെ കൂടി നിന്നവരും പൊട്ടിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. കുരുന്നുകളുടെ സഹായമനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.