ബാങ്കോക്ക്: കൊവിഡ് 19 ഭീതിയിലാണ് ലോകം. ഇതോടെ എല്ലാ രാജ്യങ്ങളിലും യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ വലിയ പരിശോധനകളാണ് നടക്കുന്നത്. ഒന്നിന് പുറകെ ഒന്നായി യാത്രക്കാരെ പരിശോധിക്കേണ്ടി വരുന്നതിനാല്‍ ദീര്‍ഘ സമയമാണ് യാത്രക്കാര്‍ കാത്തു നില്‍ക്കേണ്ടി വരുന്നത്. എന്നാല്‍ ഈ കാത്തു നില്‍ക്കലിന് ക്ഷമയില്ലാത്ത ചിലരെങ്കിലും കാണും.

 ഇത്തരത്തില്‍ ഒരു സ്ത്രീയുടെ പ്രതികരണത്തിന്‍റെയും അതിനെതിരായ മറ്റ് യാത്രക്കാരുടെ പ്രതികരണത്തിന്‍റെ വീഡിയോയും വൈറലാകുകയാണ്. ദീര്‍ഘ സമയം വരിയില്‍ കാത്ത് നില്‍ക്കേണ്ടി വന്നതിന്‍റെ ദേഷ്യം തീര്‍ക്കാനായി വിമാനത്തിലെ സീറ്റില്‍ എത്തിയ ശേഷം അവര്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും ഇടയില്‍ നിന്നും ചുമയ്ക്കുകയായിരുന്നു. 

അതോടെ കാര്യങ്ങള്‍ മുഴുവന്‍ മാറി മറിഞ്ഞു. അവര്‍ ഒരു ചൈനക്കാരി കൂടിയാണെന്ന് മനസിലായതോടെ വിമാനജീവനക്കാര്‍ യാത്രക്കാരുടെ സഹായത്തോടെ ചുമച്ച സ്ത്രീയുടെ കഴുത്തില്‍ പൂട്ടിട്ട് ശാരീരികമായി കീഴ്‌പ്പെടുത്തി. ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഷാന്‍ഹായ് വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. വിമനത്താവളത്തില്‍ മെഡിക്കല്‍ സംഘമെത്തി വീണ്ടും പരിശോധനകള്‍ നടത്തി. 

തുടര്‍ന്നാണ് വിമാനം യാത്ര പുറപ്പെട്ടത്. പരിശോധനകള്‍ കഴിഞ്ഞ് ഏഴ് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. മെഡിക്കല്‍ സംഘം എത്തിയതിന് ശേഷം മാത്രമാണ് വാതിലുകള്‍ തുറന്നതെന്ന് തായ് എയര്‍വേയ്‌സ് വ്യക്തമാക്കി.