Asianet News MalayalamAsianet News Malayalam

ലോകം എങ്ങും വൈറലായ ചിത്രത്തിന് പിന്നില്‍; വിവാദവും

മരിച്ചവരോട് ബഹുമാനം പ്രകടിപ്പിക്കുന്നതിന് ചൈനയില്‍ വര്‍ഷം തോറും ആചരിച്ച് വരുന്ന ടോംബ് സ്വീപിങ് ഡേയ്ക്ക് പിറ്റേ ദിവസമാണ് സുജി ഫോട്ടോ ഷെയര്‍ ചെയ്തത്.

Chinese Artist Poses Naked For Photoshoot With Dead Father's Remains, Sparks Controversy
Author
India, First Published Apr 13, 2019, 10:14 PM IST

ബിയജിംങ്: പിതാവിന്‍റെ കുഴിമാടം തോണ്ടി അസ്ഥികൂടം പുറത്തെടുത്ത് നടത്തിയ മകന്‍റെ ഫോട്ടോഷൂട്ട് ചിത്രം വൈറലാകുന്നു. പിതാവിന്‍റെ ശേഷിപ്പുകള്‍ ഒരു ഷീറ്റില്‍  നിരത്തി വെച്ച് അതിനോടൊപ്പം യുവാവിന്‍റെ ഫോട്ടോഷൂട്ട്. ബീജിംഗിലെ ആര്‍ട്ടിസ്റ്റായ സിയുവാന്‍ സുജി എന്ന യുവാവാണ് തന്‍റെ മൂന്നാം വയസ്സില്‍ മരിച്ച പിതാവിന്‍റെ കുഴിമാടം തോണ്ടി അസ്ഥികൂടങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് എടുത്ത ഫോട്ടോകള്‍ ആര്‍ട് വെബ്സൈറ്റിലും ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്ബോയിലും ശനിയാഴ്ച പോസ്റ്റ് ചെയ്യുകയായിരുന്നു. 

മരിച്ചവരോട് ബഹുമാനം പ്രകടിപ്പിക്കുന്നതിന് ചൈനയില്‍ വര്‍ഷം തോറും ആചരിച്ച് വരുന്ന ടോംബ് സ്വീപിങ് ഡേയ്ക്ക് പിറ്റേ ദിവസമാണ് സുജി ഫോട്ടോ ഷെയര്‍ ചെയ്തത്. തന്‍റെ ഭാര്യ ലിന്‍ ഷാനാണ് ഇത്തരത്തില്‍ നഗ്‌ന ചിത്രങ്ങളെടുത്തത്. ഇതിനായി സെമിത്തേരി കെയര്‍ ടേക്കറുടെ അനുവാദവും തേടിയിരുന്നു. യഥാര്‍ത്ഥ ആര്‍ടിനെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് പേടിയില്ല. തനിക്ക് വ്യക്തമായ ഓര്‍മ വയ്ക്കുന്നതിന് മുമ്പ് തന്നെ വിട്ട് പിരിഞ്ഞ അച്ഛന്‍റെ അസ്ഥികള്‍ക്കൊപ്പം കിടന്നത് അത്ഭുതകരമായ അനുഭവമായിരുന്നു. 

താന്‍ പിതാവുമായി വളരെ അടുക്കുന്നത് പോലെ തോന്നി. ഇതിലൂടെ തന്റെ വികാര വിചാരങ്ങളും ചിന്തകളും തികച്ചും വ്യക്തിപരമായി അദ്ദേഹത്തോട് പങ്ക് വയ്ക്കാന്‍ സാധിച്ചു. അച്ഛന്റെ അസ്ഥിക്കൂടങ്ങള്‍ക്കരികില്‍ തീര്‍ത്തും നഗ്‌നനായി കിടക്കേണ്ടത് തന്റെ ആവശ്യമായിരുന്നു. തികച്ചും നഗ്‌നരായിട്ടാണ് ഓരോരുത്തരും ഭൂമിയിലേക്ക് വരുന്നതും പോകുന്നതും. ലിവര്‍ കാന്‍സര്‍ ബാധിച്ച് അച്ഛന്‍ മരിക്കുമ്പോള്‍ തനിക്ക് വെറും മൂന്ന് വയസ് മാത്രമായിരുന്നു. അച്ഛന്റെ അസ്ഥികള്‍ക്കൊപ്പം ഫോട്ടോയെടുക്കണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു'' - സുജി പറയുന്നു. 

ഫോട്ടോഷൂട്ട് മാര്‍ച്ച് അവസാനമാണ് എടുത്തതെന്നാണ് സൂചന. എന്നാല്‍ സുജിയുടെ ഈ പ്രവൃത്തി വന്‍ പ്രതിഷേധത്തിനാണ് വേദിയായത്. സുജിയുടെ പ്രവൃത്തി ഒരിക്കലും നീതീകരിക്കാന്‍ സാധിക്കാത്തതും പരിഹാസ്യവുമാണെന്നാണ് നിരവധി ഇന്‍റര്‍നെറ്റ് യൂസര്‍മാര്‍ വിമര്‍ശിച്ചിരിക്കുന്നത്. ഫോട്ടോകള്‍ വൈറലായതിനെ തുടര്‍ന്ന് സുജിയുടെ വെയ്ബോ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. 

ഏതാണ്ട് 28 മില്യണ്‍ പേരാണ് ഈ ഫോട്ടോകള്‍ കണ്ടിരിക്കുന്നത്. ഇതിനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും സുജിയെ അനുകൂലിച്ചും അനേകം സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ രംഗത്തെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios