ബിയജിംഗ്: ചൈനയിലെ സെലിബ്രിറ്റി സോഷ്യല്‍ മീഡിയ താരം  ലിസ ലീയുടെ യഥാര്‍ത്ഥ ജീവിതം കണ്ടതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. ആഡംബര ജീവിതവും അവധിക്കാല യാത്രകളും പങ്കുവയ്ക്കുന്ന വീഡിയോ വ്ളോഗറായ ലിസയുടെ ജീവിതമാണ് ഒരു യുവതി പുറംലോകത്തെ അറിയിച്ചത്. 10 ലക്ഷത്തിലധികം പേര്‍ ഫോളോ ചെയ്യുന്ന വ്യക്തിയാണ് ലിസ ലീ. എന്നാൽ വാടക ലഭിക്കാത്തതിനും ഫ്ലാറ്റ് വൃത്തിയാക്കാത്തതിന്റെയും ദേഷ്യത്തില്‍ ലിസയുടെ ഫ്ലാറ്റ് ഉടമസ്ഥ ചെന്‍ ആണ് ഇവരുടെ യഥാര്‍ത്ഥ മുഖം ലോകത്തെ അറിയിച്ചത്.

ലിസ താമസിക്കുന്ന ഫ്ലാറ്റിലെ കാഴ്ചകള്‍ ഇവര്‍ ലോകത്തിന് കാണിച്ചുകൊടുത്തു.  സാധനങ്ങൾ വലിച്ചുവാരി, കാലങ്ങളായി വൃത്തിയാക്കാത്ത അവസ്ഥയിലാണ് ലിസയുടെ താമസസ്ഥലം. ഇവര്‍ വളര്‍ത്തുന്ന പട്ടിയുടെ വിസര്‍ജ്ജമാണ് ഫ്ലാറ്റിലെ ഫ്ലോറുകള്‍ മുഴുവന്‍. ഇത് വൃത്തിയാക്കാൻ ആളുകളെ വിളിച്ചെങ്കിലും ആരും തയാറാവുന്നില്ല എന്നാണ് ഫ്ലാറ്റുടമയായ ചെൻ പറയുന്നു. വാടകയിനത്തിൽ വലിയൊരു തുക നൽകാനുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ താന്‍ പലവട്ടം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലിസ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ സെലിബ്രിറ്റിക്കെതിരായ വീഡിയോ വൈറലായി. ഇതോടെ സംഗതി പന്തിയല്ലെന്ന് കണ്ട ലിസ മാപ്പ് അപേക്ഷയുമായി ചെന്നിനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫ്ലാറ്റ് ഉടനെ വൃത്തിയാക്കാമെന്ന് ഉറപ്പും കൊടുത്തു. പിന്നീട് ലിസ ഫ്ലാറ്റ് വൃത്തിയാക്കുന്നതിന്റെ വിഡിയോയും ചെൻ പങ്കുവച്ചു. ലിസയുടെ യഥാർഥ ജീവിതം കണ്ടതോടെ വന്‍ അമ്പരപ്പിലാണ് ഇവരുടെ ആരാധകര്‍. ലിസ വ്യാജനാണെന്നും അൺഫോളോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗും ചൈനീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.