അവിടെ പൊലീസ് തിരക്കിട്ട ട്രാഫിക് ഡ്യൂട്ടിയിൽ, ഇവിടെ വൻ ആറ്റിറ്റ്യൂഡിൽ പൊലീസ് വാഹനത്തിൽ റീൽസ് ഷൂട്ട്- കണ്ടന്‍റ് ക്രിയേറ്റർക്ക് പണി കിട്ടി

ഗാസിയാബാദ്: പൊലീസ് വാഹനത്തിൽ റീല്‍സ് ഷൂട്ട് ചെയ്ത കണ്ടന്‍റ് ക്രിയേറ്റർ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. റീല്‍സ് വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. 

ഇന്ദിരാപുരം മേഖലയിൽ ഗതാഗത കുരുക്കഴിക്കുന്ന തിരക്കിലായിരുന്നു പൊലീസ്. അതിനിടെയാണ് മോയിൻ ഖാൻ എന്ന യുവാവ് പൊലീസ് വാഹനത്തിൽ കയറി റീല്‍സ് ഷൂട്ട് ചെയ്തത്. കോട്ടും സ്യൂട്ടുമിട്ട് ഡ്രൈവറുടെ സീറ്റിലിരിക്കുന്നതും ഇറങ്ങിവരുന്നതുമെല്ലാം അടിപൊളി മ്യൂസിക് ചേർത്താണ് റീല്‍സാക്കിയത്. ബൊലേറോയ്ക്ക് മുന്‍പില്‍ നിന്ന് സോഫ്റ്റ് ഡ്രിങ്ക് ബോട്ടിൽ തുറന്ന് കുടിക്കുന്നതും റീല്‍സിലുണ്ട്.

റീല്‍സ് പോസ്റ്റ് ചെയ്തതിന് പിന്നാലെ വൈറലായി. തുടർന്ന് മോയിന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ആളില്ലാത്ത പൊലീസ് ജീപ്പ് കണ്ട് യുവാവ് റീല്‍സ് ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് എസ്ഐ സുരേഷ് മൌര്യ പറഞ്ഞു. ഇന്ദിരാപുരത്ത് കനവാണി പാലത്തിന് സമീപമായിരുന്നു ഷൂട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം