വിവാഹശേഷം ഹണിമൂണ്‍ ആഘോഷങ്ങള്‍ക്ക് മുതിരാതെ കടല്‍ത്തീരങ്ങള്‍ ശുചിയാക്കാനിറങ്ങിയ ദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. അനുദീപ് ഹെഡ്ഗെ, മിനുഷ കാഞ്ചന്‍ ദമ്പതികളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കര്‍ണാടകയിലെ ബീച്ചുകളാണ് ഇവര്‍ ശുചിയാക്കുന്നത്. കര്‍ണാടകയിലെ ബൈന്‍ദൂര്‍ സ്വദേശിയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനുദീപ് ഹെഡ്ഗെ. വിവാഹശേഷം കര്‍ണാടകയിലെ സോമേശ്വര്‍ ബീച്ച് സന്ദര്‍ശിച്ചതാണ് ഇവരുടെ ഹണിമൂണ്‍ പദ്ധതികള്‍ മാറ്റിമറിച്ചത്. 

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൊണ്ട് നിറഞ്ഞനിലയിലായിരുന്നു സോമേശ്വര്‍ ബീച്ചുണ്ടായിരുന്നത്. കരയില്‍ നിന്ന് ആളുകള്‍ മാലിന്യം കൊണ്ട് തള്ളുന്നതും ഇവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എണ്ണൂറ് കിലോയോളം പ്ലാസ്റ്റിക് മാലിന്യമാണ് ഇവര്‍ കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് ശേഖരിച്ചത്. വിവാഹത്തിന് പിന്നാലെയുള്ള ചലഞ്ച് ആയാണ് ഇവര്‍ ചെയ്തത്. സോമേശ്വര്‍, ബൈന്‍ദൂര്‍ ബീച്ചുകളില്‍ നിന്നാണ് ഇവര്‍ ഇത്രയധികം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്. മനുഷ്യത്വത്തില്‍ തന്നെയുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ആളുകളുടെ പരിസ്ഥിതിയോടുള്ള പെരുമാറ്റമെന്നും അത് തങ്ങളെ ഏറെ വിഷമിപ്പിച്ചെന്നും ദമ്പതികള്‍ പറയുന്നു.