കരയിലെ ഏറ്റവും വേഗമുള്ള ജീവിയായ ചീറ്റപ്പുലിയും മുതലയും നേര്‍ക്കുനേര്‍ വന്നാല്‍ ആരായിരിക്കും വിജയിക്കുക. 13 അടിയോളം നീളമുള്ള മുതലയുടെ വായില്‍ അകപ്പെട്ട് ജീവന്‍ നഷ്ടമാകുന്ന ചീറ്റപ്പുലിയുടെ വീഡിയോ വൈറലാവുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. വെള്ളം കുടിക്കാന്‍ എത്തുമ്പോള്‍ ഏറെ സംശയിച്ചാണ് ചീറ്റപ്പുലി നില്‍ക്കുന്നത്.

പരിസരം ശ്രദ്ധിച്ച ശേഷം വെള്ളം കുടിക്കാനൊരുങ്ങുന്ന ചീറ്റപ്പുലി കഴുത്തില്‍ മുതലയുടെ പിടി വരുമെന്ന് പ്രതീക്ഷിച്ച് കാണില്ലെന്ന് വീഡിയോയില്‍ വ്യക്തമാണ്. കഴുത്തിലെ പിടിയില്‍ നിന്ന് കുതറി മാറാന്‍ ശ്രമിക്കുന്നതിനിടെ ചീറ്റയുമായി വെള്ളത്തിലേക്ക് മുതല താഴുകയായിരുന്നു.

 

ഖ്വാ സുലു നാറ്റല്‍ പ്രവിശ്യയിലെ വൈല്‍ഡ് സഫാരി ഗൈഡ് ആയ ബുസാനി മിഷാലിയാണ് ഈ ചിത്രങ്ങളെടുത്തത്. ദക്ഷിണാഫ്രിക്കയിലെ ഒരു സ്വകാര്യ റിസര്‍വ്വിലെ യാത്രയ്ക്കിടെയാണ് അപൂര്‍വ്വ ദൃശ്യങ്ങള്‍ക്ക് ഇവരുടെ സംഘം സാക്ഷിയായത്. ചീറ്റയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ചീറ്റ ഇതെല്ലാം കണ്ട് ഭയന്ന് നില്‍ക്കുന്നതും ഏറെ നേരം മുതല കുളത്തിലേക്ക് വലിച്ചുകൊണ്ടുപോയ കൂട്ടുകാരനായി കാത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.