Asianet News MalayalamAsianet News Malayalam

തലയിലൊരു കോഴിക്കുഞ്ഞ്, മടിയിൽ കുഞ്ഞിത്താറാവ്; ഈ വൈറൽ താരത്തിന്റെ പേരെന്താണെന്നോ?

ഈ കുഞ്ഞുവാവയ്ക്കൊപ്പം മൂന്ന് പേർ കൂടിയുണ്ട്. ഒരു കു‍ഞ്ഞിത്താറാവും രണ്ട് കോഴിക്കുഞ്ഞുങ്ങളും. വീഡിയോ കണ്ടവരെല്ലാം ചോദിച്ചത് ആരാണീ കുഞ്ഞുവാവയെന്നാണ്.

cute baby in viral video in social media
Author
Thrissur, First Published Jun 17, 2020, 2:31 PM IST

ടിക് ടോക്കിലും ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും തുടങ്ങി സമൂഹമാധ്യമങ്ങളിലെല്ലാം ഒരു കുഞ്ഞുവാവയുടെ കുഞ്ഞിച്ചിരി വീഡിയോ പങ്കിട്ടെടുക്കുകയാണ് എല്ലാവരും. ഈ കുഞ്ഞുവാവയ്ക്കൊപ്പം മൂന്ന് പേർ കൂടിയുണ്ട്. ഒരു കു‍ഞ്ഞിത്താറാവും രണ്ട് കോഴിക്കുഞ്ഞുങ്ങളും. വീഡിയോ കണ്ടവരെല്ലാം ചോദിച്ചത് ആരാണീ കുഞ്ഞുവാവയെന്നാണ്. ഇതാണ് കുഞ്ഞർണോ എന്ന് ചെല്ലപ്പേരുള്ള ആരവ്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരിലെ താനേത്ത്കുന്നിലാണ് വീട്. അമ്മ സബിത, അച്ഛൻ രതീഷ്. കുഞ്ഞർണോ ഇങ്ങനെ ചിരിച്ചു വൈറലാകുമ്പോൾ ഫോട്ടോ​ഗ്രാഫറായ ലിബിനും സന്തോഷത്തിലാണ്. 

"

''വൈറലാകുമെന്നൊന്നും ഓർത്തില്ല. ലോക്ക് ഡൗണായത് കൊണ്ട് വീട്ടിലിരിപ്പാണ്. തൊട്ടടുത്ത വീട്ടിലെ കു‍ട്ടികളൊക്കെ എപ്പോഴും വീട്ടിൽ വരും. അവരോടൊക്കെ ഞാൻ കമ്പനിയാണ്. അങ്ങനെയിരുന്നപ്പോ വെറുതെ എടുത്ത ഒരു കുഞ്ഞ് വീഡിയോയാണ്. ഒരു മില്യണിലധികം പേരാണ് വീഡിയോ കണ്ടിട്ടുള്ളത്. ഒരുപാട് പേർ ഷെയറും ചെയ്തിട്ടുണ്ട്.'' ലിബിൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കവേ പറഞ്ഞു. ''വീട്ടിൽ തന്നെയുള്ളതാണ് താറാവും കോഴിക്കുഞ്ഞുങ്ങളുമൊക്കെ. വെറുതെ ഒരു രസത്തിന് അവന്റെ തലയിൽ വച്ചു കൊടുത്തതാണ്. താറാവ് തലയാട്ടുന്നതൊക്കെ കണ്ടപ്പോൾ കുഞ്ഞർണോ വിചാരിച്ചത് കളിപ്പാട്ടമാണെന്നാണ്. അതുകൊണ്ട് അവൻ പേടിച്ചൊന്നുമില്ല. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കാൻ പറയുമ്പോൾ നോക്കി, ചിരിച്ചു.'' വീഡിയോ എടുത്തതെങ്ങനെയെന്ന് ലിബിൻ പറയുന്നു.

cute baby in viral video in social media

ആരവ് എന്നാണ് പേരെങ്കിലും കു‍ഞ്ഞർണോ എന്ന് വിളിക്കുന്നതിന് പിന്നിലും ഒരു കാരണമുണ്ട്. ആരവിന്റെ ചേട്ടന്റെ പേര് അർണവ് എന്നാണ്. അർണവിന്റെ അനിയനായത് കൊണ്ട് കുഞ്ഞർണോ എന്ന് വിളിച്ചു. എട്ടുമാസം പ്രായമേയുള്ളു കുഞ്ഞർണോയ്ക്ക്. വീടിന്റെ വരാന്തയിലാണ് കുഞ്ഞർണോ ഇരിക്കുന്നത്. കോഴിക്കുഞ്ഞിനെ തലയിൽ കൊണ്ട് വച്ചത് പോലും അവനറി‍ഞ്ഞില്ലെന്ന് ലിബിൻ കൂട്ടിച്ചേർക്കുന്നു. തലയിൽ നിന്ന് താഴെ വീണപ്പോഴാണ് കാണുന്നത്. താറാവിനെ വിടാതെ മുറുക്കിപ്പിടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. 

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് എംഎ ഇം​ഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും സെന്റ് തോമസ് കോളേജിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനും കഴിഞ്ഞിട്ടുണ്ട് ലിബിൻ. ഫോട്ടോ​ഗ്രാഫറാകാൻ വേണ്ടി പഠിച്ചിട്ടൊന്നുമില്ല. പക്ഷേ ലിബിന്റെ ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലും നിറയെ ഫോട്ടോകൾ കാണാം. കൂടുതലും കുട്ടികളുടെ ചിത്രങ്ങൾ. ഇവരെല്ലാം വീടിന് അടുത്തുള്ള കുട്ടികളാണെന്ന് ലിബിൻ പറയുന്നു. ഫോട്ടോ​ഗ്രഫിയോടുള്ള ഇഷ്ടത്തിൽ നിന്നാണ് തന്റെ ഫോട്ടോകളെല്ലാമെന്നും ഈ ചെറുപ്പക്കാരൻ കൂട്ടിച്ചേർക്കുന്നു. എന്തായാലും കുഞ്ഞര്‍ണോ വൈറലായതിന്‍റെ സന്തോഷത്തിലാണ് ലിബിന്‍ എന്ന ലിബ്സ്.

Follow Us:
Download App:
  • android
  • ios