തന്‍റെ മകളുടെ പങ്കാളിയായി എത്തുന്നയാള്‍ക്ക് രണ്ട് കോടി രൂപയ്ക്ക് അടുത്ത തായ്ലാന്‍റ് കറന്‍സി സമ്മാനമായി നല്‍കും

ബാങ്കോക്ക്: മകള്‍ക്ക് പങ്കാളിയെ തേടി കോടീശ്വരന്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്തിരിക്കുന്നത്. നിശ്ചിത യോഗ്യതയുണ്ടെങ്കില്‍ ആര്‍ക്കും മകളുടെ പങ്കാളിയാകാം. തായ്ലന്‍റില്‍ നിന്നുള്ള കോടീശ്വരന്‍ അര്‍നോണ്‍ റോഡ്തോന്‍ഗ് ആണ് വലിയ വാഗ്ദാനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

26 കാരിയായ മകള്‍ കണ്‍സിറ്റയ്ക്ക് വിവാഹ പ്രായമായെന്നും മകള്‍ സുന്ദരിയാണെന്നും ഇദ്ദേഹം പറയുന്നു. മകള്‍ കന്യകയാണെന്ന കാര്യം പ്രത്യേകം എടുത്തുപറയുന്നു എന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഈ വാര്‍ത്തയ്ക്ക് പ്രധാന്യം കിട്ടാന്‍ കാരണം.

തന്‍റെ മകളുടെ പങ്കാളിയായി എത്തുന്നയാള്‍ക്ക് രണ്ട് കോടി രൂപയ്ക്ക് അടുത്ത തായ്ലാന്‍റ് കറന്‍സി സമ്മാനമായി നല്‍കും. ഒപ്പം കോടികളുടെ ബിസിനസില്‍ പങ്കാളികളാക്കും. ഒപ്പം തന്‍റെ ഫാമും വരനുള്ളതാണ്.

ഡുറിയന്‍ ഫ്രൂട്ട് ഉത്പാദനവും, കയറ്റി അയക്കലുമാണ് ഈ കോടീശ്വരന്‍റെ പ്രധാന ബിസിനസ്. ഇതിനായി തായ്ലാന്‍റിലെ ചുംഫോന്‍ പ്രവിശ്യയില്‍ ഇദ്ദേഹത്തിന് വലിയ തോട്ടം തന്നെയുണ്ട്. മകള്‍ ഇപ്പോള്‍ തന്നെ ബിസിനസില്‍ സഹായിക്കുകയാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 50 ടണ്‍ പഴങ്ങള്‍ വിളവെടുക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ തോട്ടം. 

ഏത് രാജ്യക്കാരനും മകളുടെ പങ്കാളിയായി അപേക്ഷിക്കാം. മകളെ സന്തോഷവതിയായി എന്നും സംരക്ഷിക്കാന്‍ ശേഷി വേണം. മാന്യനും കഴിവുള്ളതുമായ ഒരാളെയാണ് ഞാന്‍ പരിഗണിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിന്‍റെ പോസ്റ്റ് വൈറലായി കഴിഞ്ഞു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ കമന്‍റുകള്‍ എത്തുന്നുണ്ട്.