ഭോപ്പാൽ: ചില്ലുകഷണങ്ങൾ വയറ്റിൽ ചെന്നാൽ മുറിയില്ലേ? ആരെയും ആശ്ചര്യപ്പെടുത്തുന്ന വാദമാണ് മധ്യപ്രദേശിലെ ദിണ്ടോരിയിൽ നിന്നുള്ള അഭിഭാഷകൻ ദയറാം സാഹുവിന്റെത്. താൻ നാലര പതിറ്റാണ്ടോളമായി സ്ഥിരമായി ചില്ലുകഷണങ്ങൾ ഭക്ഷിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 

വാർത്താ ഏജൻസിയായ എഎൻഐ ദയറാം സാഹു ചില്ല് തിന്നുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. 40-45 വർഷമായി ഈ തീറ്റ തുടരുന്നുണ്ടെന്നാണ് അവകാശവാദം. ഇതിലൂടെ പല്ലിന് കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും എങ്കിലും ശീലം നിർത്തിയില്ലെന്നും ദയറാമിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

"ഇതിന് ഞാൻ അടിമപ്പെട്ടുകഴിഞ്ഞു. ഈ ശീലം എന്റെ പല്ലുകൾക്ക് കേടുപാട് ഉണ്ടാക്കിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ദോഷകരമായതിനാൽ മറ്റൊരാളും ഇത് ചെയ്യുന്നത് ഞാൻ പ്രോത്സാഹിപ്പിക്കില്ല. ഇപ്പോൾ ഞാൻ കഴിക്കുന്ന ചില്ലിന്റെ അളവ് കുറച്ചിട്ടുണ്ട്," ദയറാം സാഹു പറഞ്ഞു.

വീഡിയോ ദൃശ്യത്തിൽ ദയറാം ബാബുവിന്റെ മടിത്തട്ടിൽ ഒരു പാത്രത്തിൽ ചില്ലുകഷണങ്ങൾ പൊട്ടിച്ചിട്ടത് കാണാം. ഇതിൽ നിന്നും ചില്ലുകഷണങ്ങളെടുത്ത് വായിൽ വയ്ക്കുകയാണ് ഈ അഭിഭാഷകൻ ചെയ്യുന്നത്.