ബെംഗളൂരു:  റോഡിലെ കുഴിയും തുടര്‍ന്നള്ള പ്രതിഷേധങ്ങളും കാണാത്തവരല്ല നമ്മള്‍. റോഡില്‍ വാഴ നട്ടും, കുഴിയിലെ വെള്ളത്തില്‍ കുളിച്ചും അങ്ങനെ പ്രതിഷേധങ്ങള്‍ പലതരത്തിലുണ്ട്. ബെംഗളൂരുവില്‍ നടന്ന പ്രതിഷേധ രീതി ഇതൊന്നുമല്ല. ബഹിരാകാശ യാത്രികര്‍ക്കു സമാനമായ വേഷം ധരിച്ച്, റോഡിലെ കുണ്ടിലൂടെയും കുഴിയിലൂടെയും നടന്നായിരുന്നു ഇവിടെ ഒരാളുടെ പ്രതിഷേധം.

ബെംഗളൂരുവിനു സമീപം തുംഗനഗര്‍ മെയിന്‍ റോഡില്‍  നടന്ന പ്രതിഷേധത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ചില ചിത്രങ്ങള്‍ കണ്ടാല്‍ ചന്ദ്രനില്‍ എത്തിയതാണെന്നു തോന്നുന്നതാണ് തുംഗനഗര്‍ മെയിന്‍ റോഡ്. 

അതുകൊണ്ടു തന്നെയാണ് ബാദല്‍ നഞ്ചുണ്ടസ്വാമി എന്ന കലാകാരന്‍ കുണ്ടും കുഴിയും  തുംഗനഗര്‍ മെയിന്‍ റോഡിലൂടെ ബഹിരാകാശസഞ്ചാരിക്ക് സമാനമായ വേഷം ധരിച്ച് പ്രതിഷേധിച്ചത്. ഇത്തരം സാമൂഹിക വിഷയങ്ങളില്‍ പലപ്പോഴും കലാപരമായി ബാദല്‍  പ്രതിഷേധിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.