കാന്‍സര്‍ രോഗിയായ ബാലന്‍റെ സന്തോഷത്തിനായി ബാറ്റ്മാന്‍റെ വേഷമണിഞ്ഞ് ആശുപത്രി മുറിയിലെത്തിയ ഡോക്ടറുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു. കാന്‍സര്‍ രോഗിയായ ബാലന്‍റെ സ്വപ്നമായിരുന്നു ബാറ്റ്മാനെ കാണുകയെന്നത്. ഇതറിഞ്ഞതോടെയാണ് ഡോക്ടര്‍ തന്നെ ബാറ്റ്മാന്‍റെ വേഷത്തില്‍ ആശുപത്രിയിലെത്തിയത്.

ആശുപത്രി വരാന്തയിലെത്തിയ ബാറ്റ്മാനെ കൌതുകത്തോടെ നോക്കി നിന്ന ശേഷം ആലിംഗനം ചെയ്യുന്ന ബാലന്‍റെ വീഡിയോ ഫീല്‍ ഗുഡ് പേജ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് പങ്കുവച്ചിരിക്കുന്നത്. ആശുപത്രി ഉപകരണങ്ങള്‍ ഘടിപ്പിച്ച ശരീരവുമായി ബാറ്റ്മാനെ പുണരുന്ന ബാലന്‍റെ  നാല്‍പ്പത്തിനാല് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

അതിവൈകാരികമായാണ് ആളുകള്‍ വീഡിയോയോട് പ്രതികരിക്കുന്നത്. രോഗിയായ ബാലനെ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് ഡോക്ടറുടേതെന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. കരഞ്ഞുകൊണ്ടല്ലാതെ വീഡിയോ കാണാനാവില്ലെന്നും ചിലര്‍ പറയുന്നു. എന്നാല്‍ വീഡിയോ എവിടെ നിന്നാണെന്നോ എപ്പോള്‍ എടുത്തതാണെന്നതിനേക്കുറിച്ചോ വ്യക്തതയില്ല.