കൊറോണ വൈറസ് എന്ന മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോക രാജ്യങ്ങൾ. ദിവസങ്ങൾ കഴിയുന്തോറും വൈറസ് ബാധിതരുടെ എണ്ണം കൂടിവരികയാണ്. രോ​ഗികളെ സംരക്ഷിക്കുന്നതിന് വേണ്ടി ഉറ്റവരെ പിരിഞ്ഞ് അ​​ഹോരാത്രം പ്രയത്നിക്കുകയാണ് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോ​ഗ്യപ്രവർത്തകും. ഈ അവസരത്തിൽ ഒരു ഡോക്ടറുടെയും മകന്റെയും ഹൃദയസ്പർശിയായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

സൗദി അറേബ്യയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ജോലി കഴിഞ്ഞ് വരുന്ന ഡോക്ടറായ അച്ഛനേയും മകനെയും കാണാൻ സാധിക്കും. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ തന്നെ സന്തോഷത്തോടെ കെട്ടിപിടിക്കാൻ വരുന്ന മകനോട് തൊടരുതെന്ന് പറയുകയാണ് ഈ അച്ഛൻ. കൊറോണ ബാധിതരെ ചികിത്സിച്ചിട്ടാണ് താൻ വരുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. പിന്നീട് മകനെ ഒന്ന് ചേർത്ത് നിർത്താൻ സാധിക്കുന്നില്ലല്ലോ എന്നോർത്ത് പൊട്ടിക്കരയുന്ന ഡോക്ടറെയും വീഡിയോയിൽ കാണാം. 

മൈക്ക് എന്ന ട്വിറ്റർ ഉപഭോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 'ആ ഡോക്ടർ ഒരു ഹിറോയാണ്, അദ്ദേഹവും കുടുംബവും സുരക്ഷിതമായിരിക്കട്ടെ' എന്നൊക്കെയാണ് വീഡിയോക്ക് താഴേ വന്നിരിക്കുന്ന കമൻഡുകൾ.