കൊവിഡിന് പിന്നാലെ പല രാജ്യങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ മുതിർന്നവരോടൊപ്പം കുട്ടിപ്പട്ടാളങ്ങളും വീട്ടിൽ തന്നെ ഇരിപ്പാണ്. ഈ കൊച്ചു മിടുക്കികളുടെയും മിടുക്കന്മാരുടെയും നിരവധി വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും. അത്തരത്തിലൊരു വീഡിയോ ആണ് സൈബർ ലോകത്തിന്റെ മനം കവർന്നിരിക്കുന്നത്.

ഒരു കുട്ടിയും വളർത്ത് നായയും ചേർന്ന് വീടിനുള്ളിൽ ഒളിച്ചുകളിക്കുന്നതാണ് വീഡിയോ. നായയോട് എണ്ണാൻ പറഞ്ഞതിന് പിന്നാലെ ഒളിക്കുകയാണ് പെൺകുട്ടി. ഇത് കേട്ടപാടെ രണ്ട് കാലുകളും ചുമരിൽ എടുത്തുവച്ച് എണ്ണുന്ന നായയെ വീഡിയോയിൽ കാണാം. ഇതിനിടയിൽ കുട്ടി ഓളിക്കുന്നുണ്ടോന്ന് നോക്കുകയും ചെയ്യുന്നുണ്ട് ഈ വളർത്തുനായ. കുറച്ച് സമയം കണ്ണ് പൊത്തി നിന്ന് കുട്ടിയെ കണ്ട് പിടിക്കാൻ നായ പോകുകയും ചെയ്യുന്നുണ്ട്. 

ഇൻസ്റ്റാ​ഗ്രാമിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ഈ 'ഒളിച്ചുകളി' കണ്ടിരിക്കുന്നത്.