കടലില്‍ സമയം ചിലവഴിക്കാന്‍ ഇഷ്ടമാണ് ചിലര്‍ക്ക്, എന്നാല്‍ പലപ്പോഴും ഈ വിനോദത്തില്‍ അപകടം പതിയിരിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇത്തരമൊരു അപകടത്തിന്റെ സൂചന നല്‍കുന്നു. നിരവധി പേര്‍ കടലില്‍ കയാക്കിംഗ് നടത്തുന്നുണ്ട്. ഇത് പകര്‍ത്തുന്ന ഡ്രോണ്‍ വീഡിയോയില്‍ കയാക്കിംഗുകാര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉള്‍പ്പെട്ടു. ഒരു ഭീമാകാരന്‍ വെള്ള സാവ്. 

കടലില്‍ നീന്തി നടക്കുന്ന സ്രാവിന്റെ ദൃശ്യങ്ങള്‍ ഡ്രോണില്‍ പ്രത്യക്ഷപ്പെട്ടു. സൗത്ത് ആഫ്രിക്കയിലാണ് സംഭവം. ഇതോടെ കടലിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമെത്തി. ഈ വീഡിയോ പങ്കുവച്ചുകൊണ്ടാണ് സീ റെസ്‌ക്യു സൗത്ത് ആഫ്രിക്ക ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയത്. 

പ്ലെറ്റെന്‍ബെര്‍ഗ് തീരം, മോസ്സെല്‍ തീരം, ജെഫ്രെ തീരം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  36 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ 23000ലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഈ പ്രദേശങ്ങളില്‍ നിരവധി വെള്ള സ്രാവുകളുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.  

2019ല്‍ ലോകത്താകമാനം സ്രാവുകളില്‍ നിന്നുള്ള 140 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഫ്‌ളോറിഡ മ്യൂസിയം നല്‍കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ 64 ആക്രമണങ്ങള്‍ അകാരണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.