ഹെെദരാബാദ്: മദ്യപിച്ച് ബോധരഹിതനായ സമയത്ത് ചെയ്ത കാര്യത്തിന് നിയമക്കുരുക്കില്‍ കുടങ്ങിയിരിക്കുകയാണ് ഒരു യുവാവ്. ഹെെദരാബാദ് സ്വദേശിയായ പി ഭാനു എന്ന ഇരുപത്തിയെട്ടുകാരനാണ് മദ്യപിച്ച് പണി ചോദിച്ച് വാങ്ങിയിരിക്കുന്നത്. നല്ലുഗുണ്ടയിലെ തെരുവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബൊനാലു ആഘോഷം തകര്‍ക്കുകയായിരുന്നു ഭാനു.

ഘോഷയാത്രയില്‍ ഭാനുവും കൂട്ടുകാരനും ഡ്രമ്മുകളുടെ താളത്തിനൊപ്പം ആടിപ്പാടി. ഇതിനിടെ മദ്യപിച്ചിരുന്ന ഭാനു വഴിയില്‍ നിന്ന പൊലീസുകാരനെ തടഞ്ഞു. തുടര്‍ന്ന് കെട്ടിപ്പിടിച്ച ശേഷം  പൊലീസുകാരന് ചുണ്ടില്‍ ഒരു ചുംബനം അങ്ങ് നല്‍കി. പിന്നീട് ഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡ്യട്ടിയിലുള്ള പൊലീസുകാരനെ അതില്‍ നിന്ന് തടയുക, മോശമായി പെരുമാറുക എന്നീ വകുപ്പുകള്‍ ഉപയോഗിച്ചാണ് നല്ലുഗുണ്ട പൊലീസ് ഭാനുവിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയായിരുന്നതിനാല്‍ ആ സമയത്ത് താന്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഭാനുവിന്‍റെ വാദം.