കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ നേരത്തെ അടച്ചതോടെ  മുതിർന്നവരെ പോലെ കുട്ടിപ്പട്ടാളവും വീട്ടിൽ തന്നെ ഇരിപ്പാണ്. സ്കൂളിൽ പോകണ്ടാത്തതിനാൽ രാവിലെ എഴുന്നേറ്റ് കുളിക്കാനും പല്ലുതേക്കാനുമൊക്കെ അല്പം മടിയൊക്കെ വന്നു തുടങ്ങിയിട്ടുണ്ട് കുറുമ്പൻമാർക്കും കുറുമ്പത്തികൾക്കും. ഇങ്ങനെയുള്ളവരെ വരുതിയിലാക്കാൻ വേറിട്ട മാര്‍ഗവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരനും സിനിമാ സംവിധായകനുമായ ജിയോ ബേബി. 

മകനെ അനുസരിപ്പിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയത് മകനെ കാണിച്ചിരിക്കുകയാണ് ഇദ്ദേഹം. ജിയോ ബേബി തന്നെ എഡിറ്റ് ചെയ്ത വീഡിയോ ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

 'ചില കുട്ടികൾ രാവിലെ എഴുന്നേറ്റിട്ട് പല്ലു തേയ്ക്കാതെ ചായകുടിക്കുന്ന ഒരു പ്രവണത ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കുട്ടികൾ പൊതുവെ രണ്ടു നേരം കുളിക്കേണ്ടതായിട്ടുണ്ട്. ഇതിന് വൈമുഖ്യം കാണിക്കുന്ന കുട്ടികൾക്കെതിരെ നിയമനടപടികൾക്ക് ശുപാർശ ചെയ്യും. അതുപോലെ മറ്റൊരു പ്രശ്നം ശ്രദ്ധയിൽപ്പട്ടത് കുട്ടികളുടെ അമിതമായ മൊബൈൽഫോണിന്റെ ഉപയോഗമാണ്, ഇത് അനുവദിച്ചു തരാൻ പറ്റുന്നതല്ല. അമിതമായി മൊബൈൽ ഉപയോഗിക്കുന്ന കുട്ടികൾക്കതിരെ പൊലീസ് നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്. മറ്റൊരു പ്രവണത ശ്രദ്ധയിൽപ്പട്ടത് ആറ് മണി സമയത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം മനപൂർവം തടസപ്പെടുത്താന്‍ റിമോട്ട് കൈക്കലാക്കി ചാനൽ മാറ്റുന്ന പ്രവണത ചില കുട്ടികൾ ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കുട്ടികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്....' എന്നാണ് മുഖ്യമന്ത്രിയുടെ വിഷ്വലുള്ള ‌വീഡിയോയിൽ ജിയോ ബേബി ഉൾപ്പെടുത്തിയിരിക്കുന്നത്.

ജിയോ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടിൽ മോനെ കൊണ്ട് ചില കാര്യങ്ങൾ ഒക്കെ ചെയ്യിക്കുന്നത്. ഇന്ന് അവൻ പറഞ്ഞു മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന്, അപ്പോൾ അവനെ പറ്റിക്കാൻ വേണ്ടി ഒരു വിഡിയോ ഉണ്ടാക്കിയതാണ്‌, ആള് ആദ്യം ഒന്നു ഞെട്ടി, പക്ഷേ സൗണ്ട് കയ്യോടെ പൊക്കി. അവന്റെ ഒരു ഷോട്ടും കൂടേ ചേർത്ത് ഒരു വിഡിയോ ആക്കി പോസ്റ്റ് ചെയ്യുന്നു. ഒരു തമാശയായി ലോക്ഡൗൺ ടൈംപാസ് ആയി മാത്രം ഇതിനെ കാണുക.