തിരുനെല്‍വേലി: വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരികളായ മോഷ്ടാക്കളെ അടിച്ചോടിച്ച് വൃദ്ധ ദമ്പതികള്‍. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നുള്ള ദമ്പതികളായ ഷണ്‍മുഖവേല്‍, സെന്താമര എന്നിവരാണ് മോഷ്ടാക്കള്‍ക്ക് ഉഗ്രന്‍ പണികൊടുത്തത്. 

വീടിന്‍റെ പോര്‍ച്ചില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന ഷണ്‍മുഖവേലിനെ മുഖംമറച്ച് പുറകിലൂടെ എത്തിയ മോഷ്ടാക്കളില്‍ ഒരാള്‍ തുണി കഴുത്തില്‍ക്കെട്ടി പുറകിലേക്ക് വലിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ഭാര്യ ചെരുപ്പുകളും കസേരകളും സ്റ്റൂളുകളും ഉപയോഗിച്ച് ആക്രമികളെ പ്രതിരോധിക്കാന്‍ തുടങ്ങി. പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ആക്രമികള്‍ ഷണ്‍മുഖവേലിനെ വിട്ട് സെന്താമരയ്ക്ക് നേരെ തിരിഞ്ഞു.

എന്നാല്‍ ദമ്പതികള്‍ ചേര്‍ന്ന് കസേരകള്‍ ഉപയോഗിച്ച് മോഷ്ടാക്കളെ തുരത്തുകയായിരുന്നു. സെന്താമരയുടെ കൈകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിപ്പേരാണ് ദമ്പതികളെ അഭിനന്ദിച്ച് രംഗത്തെത്തിയത്.