കൊളംബോ: പുലര്‍ച്ചെ ഹോട്ടല്‍ ലോബിയില്‍ എത്തിയ അതിഥികളെ എതിരേറ്റത് കാട്ടാന. ലോബിയിലൂടെ നടന്ന കാട്ടാന ലോബിയിലെ വസ്തുക്കള്‍ തട്ടിയും മുട്ടിയും നോക്കിയെങ്കിലുംകാര്യമായ നഷ്ടമുണ്ടാക്കാതെയാണ് നടക്കുന്നത്. തുമ്പിക്കൈ കൊണ്ട് ലോബിയിലുള്ള വിളക്കുകളും കസേരകളുമൊക്കെ കാട്ടാന പരിശോധിക്കുന്നുണ്ട്.

ആളുകളെ കണ്ടതോടെ ഒന്ന് പരുങ്ങിയെങ്കിലും നടത്തം നിര്‍ബാധം തുടരുകയാണ് ആന. ശ്രീലങ്കയിലെ ഹോട്ടല്‍ ലോബിയിലെത്തിയ കാട്ടാനയുടെ വീഡിയോ ട്വിറ്ററില്‍ വൈറലായി. ശ്രീലങ്കയിലെ ജെറ്റ്വിങ് യാല ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനാണ് ഈ കാട്ടാനയെന്നാണ് ട്വിറ്റര്‍ വിശദമാക്കുന്നത്. നട്ട കോട്ട എന്നാണ് ആനയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ഹോട്ടലിന് സമീപമുളള ആന സഫാരിയിലെ ആനയാണ് ഇതെന്നും ചിലര്‍ ട്വിറ്ററില്‍ വീഡിയോയ്ക്ക് പ്രതികരണം നല്‍കുന്നുണ്ട്. 

വൈറല്‍ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഏറെ രസകരമാണ്. ഹോട്ടല്‍ പരിശോധിച്ച് റിവ്യൂ നല്‍കാനെത്തിയ കാട്ടാനയാണ് ഇതെന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. സ്വിമ്മിങ് പൂള്‍ ചെറുതായതിനാല്‍ മൂന്ന് സ്റ്റാര്‍ മാത്രമാണ് ഹോട്ടലിന് ആന നല്‍കിയതെന്നും ചിലര്‍ പ്രതികരിക്കുന്നു. ജനുവരി 19നാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.  2 മില്യണ്‍ ആളുകള്‍ കണ്ട വീഡിയോയ്ക്ക് ഇതിനോടകം 1.2 ലക്ഷം ലൈക്കും ലഭിച്ചിട്ടുണ്ട്.