കൊറോണ ഭീതിയില്‍ ആളുകള്‍ വീടുകളിലേക്കും ആശുപത്രിയിലേക്കും ചുരുങ്ങിയതോടെ വന്യമൃഗങ്ങള്‍ക്കാണ് സ്വാതന്ത്ര്യം ലഭിച്ചത്. കാട്ടില്‍ നിന്ന് പാത്തും പതുങ്ങിയും നാട്ടിലിറങ്ങുന്ന അവസ്ഥയില്‍ നിന്നും കാട്ടാനകള്‍ക്ക് സംഭവിച്ച മാറ്റത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിന്‍റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

ധാന്യങ്ങള്‍ ഉപയോഗിച്ച് വാറ്റ് നിര്‍മിക്കുന്നയിടത്ത് എത്തിയ കാട്ടാനക്കൂട്ടമാണ് 'ഫിറ്റായത്'. നാട്ടുകാര്‍ ശേഖരിച്ച് വച്ചിരുന്ന ഏകദേശം മുപ്പത് ലിറ്റര്‍ മദ്യമാണ് കാട്ടാനകള്‍ കുടിച്ചത്. ചോളം ഉപയോഗിച്ചുള്ളതാണ് വാറ്റെന്നും ചിത്രം പങ്കുവച്ചവര്‍ പറയുന്നത്. 14 ആനകള്‍ അടങ്ങുന്ന കൂട്ടമാണ് ഗ്രാമത്തിലേക്ക് എത്തിയത്. വാറ്റ് അടിച്ച ആനകള്‍ സമീപത്തുള്ള തേയിലത്തോട്ടത്തില്‍ 'ഫിറ്റായി' നില്‍ക്കുന്നതും മയങ്ങുന്നതുമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ചിത്രമെടുത്തിരിക്കുന്നത്. 

എന്നാല്‍ ഇത് ഫിറ്റായി നില്‍ക്കുന്ന ആനകള്‍ അല്ലെന്നും നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. സംഭവം നടന്നത് യുനാനില്‍ തന്നെയാണ് എന്നാണ് വിശദീകരണം. അതേസമയം ചിത്രം കഴിഞ്ഞ വേനല്‍ക്കാലത്ത് നടന്ന സംഭവത്തിന്‍റേതാണെന്നും അവകാശവാദമുണ്ട്.