ലോകത്തെ ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുകയാണ് ഒരു അമേരിക്കന്‍ പെണ്‍കുട്ടി. അമേരിക്കക്കാരിയായ എലീസയുടെ മലയാളം പഠനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമിലെ മലയാളികള്‍.

ദുബായ്: ലോകത്തെ ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുകയാണ് ഒരു അമേരിക്കന്‍ പെണ്‍കുട്ടി. അമേരിക്കക്കാരിയായ എലീസയുടെ മലയാളം പഠനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമിലെ മലയാളികള്‍. കേരളത്തോടും മലയാളത്തോടുമുള്ള എലിസയുടെ സ്നേഹമാണ് ഏലി-കുട്ടി (Eli kutty) എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മുഴുവന്‍.

ഒരു വർഷത്തിലേറെയായി എലീസ എന്ന എലിസബത്ത് മലയാളം പഠിപ്പിക്കാൻ ചിത്രങ്ങൾ വരച്ചു പോലും കുറിപ്പുകൾ തയാറാക്കുന്നു. ഉച്ചാരണവും വാക്കുകളും പഠിപ്പിക്കാന്‍ ചിത്രങ്ങളുടെ സഹായത്തോടെ തീര്‍ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധയമാണ്. മലയാളം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ശരിയായ സംവിധാനങ്ങളില്ല എന്ന പരാതി മാത്രമാണ് എലീസയ്ക്കുള്ളത്. 

തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ അതിനൊരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുക കൂടിയാണ് ഈ അദ്ധ്യാപിക. ന്യൂമെക്‌സിക്കോയിൽ നിന്ന് അദ്ധ്യാപനത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള എലീസ നാലുവർഷമായി ദുബായിയിലെ അജ്മാൻ അപ്ലൈഡ് ടെക്‌നോളജി ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. 

സമൂഹമാധ്യമത്തിലൂടെയാണ് കൊച്ചി കണ്ടനാട്ട് വീട്ടിൽ അർജുനിനെ എലിസ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കഴിഞ്ഞ ഡിസംബറിൽ കൊച്ചിയിൽ വിവാഹിതരായി. എന്തായാലും ഏലി കുട്ടിയുടെ മലയാളം പഠനം കിടുവാണ് എന്നാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നോക്കുന്ന മലയാളി എല്ലാം പറയുന്നത്.