Asianet News MalayalamAsianet News Malayalam

വിരക്തി വന്നാൽ വിട്ടിറങ്ങുക തന്നെ, ഇനി ഞാനിറങ്ങട്ടെയെന്ന് 'കളക്ടര്‍ ബ്രോ'; വൈറലായി കുറിപ്പ്

സമൂഹമാധ്യമമായ ഫേസ്ബുക്കിലെ ഇടപെടലുകള്‍ അവസാനിപ്പിക്കുകയാണെന്ന് കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്ത്. സരസമായ കുറിപ്പിലൂടെയാണ് കളക്ടര്‍ ബ്രോ വിവരം പങ്കുവച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

facebook note by former kozhikode collector prasanth nair gone viral
Author
Thiruvananthapuram, First Published Sep 23, 2019, 4:33 PM IST

സമൂഹമാധ്യമമായ ഫേസ്ബുക്കിലെ ഇടപെടലുകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിന് സരസമായ കുറിപ്പുമായി മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത്. എഫ്ബി ലോകത്തിനി എഴുതാൻ വയ്യ. എഴുത്തിനെക്കാൾ സംസാരം എളുപ്പമായിത്തോന്നുന്നത്‌ സമയക്കുറവ്‌ കൊണ്ടാണോ, മടി കൊണ്ടാണോ പ്രായമാവുന്നതിന്റെ ലക്ഷണമാണോ എന്നൊന്നും അറിയില്ലെന്ന് എന്‍ പ്രശാന്ത് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഒരുപക്ഷെ, പോഡ്‌ കാസ്റ്റ്‌, യൂട്യൂബ്‌ പോലുള്ള സംസാരിക്കുന്ന ലോകത്ത്‌ ഈയുള്ളവൻ അവതരിക്കുമായിരിക്കും. പുനർജ്ജന്മത്തിൽ വിശ്വാസമുള്ളവർക്ക്‌ പോലും എവിടെ ജനിക്കുമെന്ന് ഉറപ്പില്ലല്ലോയെന്നും കുറിപ്പില്‍ കോഴിക്കോടുകാരുടെ പ്രിയ കളക്ടര്‍ ബ്രോ പറയുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ 'ബ്രോ'യുടെ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

എന്‍ പ്രശാന്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


ഒന്നുരണ്ട്‌ തവണ ഈയുള്ളവൻ ഫേസ്‌ ബുക്കിലെ ഇഹലോകവാസം വിട്ട്‌ ‌ സന്ന്യാസിയാവാൻ ഒരുമ്പെട്ടിറങ്ങിയതാണെന്ന് അറിയാമല്ലോ. അന്ന്,‌ രാത്രിയുടെ ഏഴാം യാമത്തിൽ നീലച്ചടയൻ പോലൊരു നീല ടിക്ക്‌ തന്നെന്റെ മനസ്സ്‌ മയക്കി സുക്കർ ഭായ്. ചോദിക്കാതെ ടിക്ക്‌ തന്ന ഭായ്‌ എന്നെ വല്ലാതങ്ങ്‌ തോൽപ്പിച്ച്‌ കളഞ്ഞു. എന്നാൽ ഏറെ നാൾ കഴിയും മുൻപെ, ഫേസ്‌ ബുക്കിലെ ലൗകിക ജീവിതത്തിൽ വീണ്ടും വിരക്തി തോന്നി ഞാനിറങ്ങി. പടിപ്പുര കടന്ന് തിരിഞ്ഞ്‌ നോക്കിയപ്പോൾ പ്രളയം. പ്രകൃതി അന്നെന്നെ തോൽപ്പിച്ചു. പിന്നെയും കുറേ നാളങ്ങനെ ഫേസ്ബുക്കാകുന്ന ലോകത്ത്‌ ജീവിച്ചെന്ന് വരുത്തിത്തീർത്തു. ആർക്കോ വേണ്ടിയെന്ന പോലെ. ഒരു കൊല്ലത്തിലേറെയായി, പാട്ടുകളും അല്ലറ ചില്ലറ കമന്റുകളുമായി സമയം തള്ളി നീക്കി..

അറിയാതെ എന്റെ‌ മനസ്സ്‌ ഫ്ലാഷ്‌ ബാക്ക്‌ മോഡിലായിപ്പോകുന്നു.

ഞാനീ എഫ്ബി ലോകത്ത്‌ പിച്ച വെച്ച കാലം. പരിചയമുള്ള പിച്ചക്കാരുപോലുമില്ലായിരുന്നു ഒന്ന് ടാഗ്‌ ചെയ്യാൻ. ഞങ്ങൾ ഗർവ്വിതഗന്ധർവ്വന്മാർക്ക്‌‌ നിഷിദ്ധമാണീ താഴ്‌ന്ന ലോകമെന്ന് പറഞ്ഞ്‌ മുകളിലുള്ളോർ ഈയുള്ളവനെ ശാസിച്ചു. അന്ത്യയാമത്തിനു മുൻപേ ഈ ലോകത്ത്‌ നിന്ന് മടങ്ങി വന്നില്ലെങ്കിൽ കടുത്ത ശിക്ഷ വരെ വിധിച്ചിരുന്നു തമ്പുരാൻ (ആ സിനിമ പണ്ടേ കണ്ടിട്ടുള്ളതോണ്ട്‌ ഞാൻ രക്ഷപ്പെട്ടു). ഹാ... അതൊക്കെ ഒരു കാലം! ഒന്ന് പാലാരിവെട്ടമടിച്ച്‌ വന്നപ്പൊഴേക്കും അത്തരം ചിന്തകളിൽ വിള്ളൽ വീണു. ഇന്ന് സീയെമ്മും പീയെമ്മും ഡിയെമ്മും എഫ്‌ബിയിലുണ്ട്‌. കിഫ്ബി വരെ എഫ്ബിയിൽ ഉണ്ട്‌.

എന്നാൽ ഇവരാരും വന്നത്‌ കൊണ്ട്‌ ഈ ലോകം നന്നാവുന്നില്ല. മറിച്ച്‌, ഈ ലോകം മറ്റേ ലോകം പോലായി. അതെ, ശരിക്കും കേരളം പോലായി. വിഷം ചീറ്റുന്ന കോബ്രകളും മുദ്രകുത്താൻ മാത്രം അറിയാവുന്ന സംഘി-കൊങ്ങി-കമ്മി-സുഡാപ്പി-മഞ്ച്‌ മാക്രിലോകത്ത്‌ എന്തിനിങ്ങനെ ശ്വാസം പിടിച്ച്‌ ജീവിക്കണം? ടോണിയുടെ ദോശ കാണാനോ? അതോ ബൈജുസ്വാമിയുടെ മുഖത്ത് വരച്ചിടുന്ന കാക്കക്കാഷ്ഠം പോലത്തെ ഡിസൈൻ കാണാനോ? ടൊവിനോയും പെണ്മണികളും കവർ പേജിലുള്ള വനിതയുള്ളപ്പോൾ ദുരന്തേട്ടന്റെ എഴുത്തുകുത്തെഴുത്തുകൾ വായിക്കാനോ? നോ.

വിരക്തി വന്നാൽ വിട്ടിറങ്ങുക തന്നെ. ഈ എഫ്ബി ലോകത്തിനി എഴുതാൻ വയ്യ. എഴുത്തിനെക്കാൾ സംസാരം എളുപ്പമായിത്തോന്നുന്നത്‌ സമയക്കുറവ്‌ കൊണ്ടാണോ, മടി കൊണ്ടാണോ പ്രായമാവുന്നതിന്റെ ലക്ഷണമാണോ എന്നൊന്നും അറിയില്ല. ഒരുപക്ഷെ, പോഡ്‌ കാസ്റ്റ്‌, യൂട്യൂബ്‌ പോലുള്ള സംസാരിക്കുന്ന ലോകത്ത്‌ ഈയുള്ളവൻ അവതരിക്കുമായിരിക്കും. പുനർജ്ജന്മത്തിൽ വിശ്വാസമുള്ളവർക്ക്‌ പോലും എവിടെ ജനിക്കുമെന്ന് ഉറപ്പില്ലല്ലോ. അറിഞ്ഞാൽ ഉടൻ അറിയിക്കാം.

ഒന്നും നശിപ്പിക്കാനോ തീർക്കാനോ, എന്തിനധികം പറയുന്നു, സംസാരിച്ച്‌ നിർത്തിയ ഫോൺ അദ്യം കട്ട്‌ ചെയ്യാൻ പോലും എനിക്കിഷ്ടമല്ല. അതിനാൽ അക്കൗണ്ടിനെ ഇല്ലായ്മ ചെയ്യുന്നില്ല. എന്നെ ഇവിടെ കണ്ടാലും ഒന്ന് മനസ്സിലാക്കുക, അത്‌ എഫ്ബിയിലെ ഭൗതിക ശരീരം മാത്രമാണ്‌. ഞാനിവിടെ ഇല്ല. ശരിക്കുള്ള ഞാൻ മറ്റെവിടെയോ ആണ്‌.

സുമുഹൂർത്തമായ്.

(കോറസ്‌: അയ്യോ ബ്രോയേ പോവല്ലേ)

Follow Us:
Download App:
  • android
  • ios