അയല്‍ക്കാര്‍ അന്യമതത്തിലുള്ളവരായത് കൊണ്ട് മാത്രം പട്ടിണിയില്ലാതെ ജീവിച്ച് വളര്‍ന്ന ബാല്യങ്ങളെ നിങ്ങള്‍ക്കറിയാമോയെന്ന് മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയോട് ചോദ്യവുമായി ബ്ലോഗര്‍ നൗഷാദ്‌ മംഗലത്തോപ്‌. ഓണം, ക്രിസ്തുമസ് പോലെ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ പങ്കെടുക്കരുതെന്നും അത് ഇസ്‌ലാം അനുവദിക്കുന്നില്ലെന്നുമുള്ള മതപ്രഭാഷകന്‍റെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നൗഷാദിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

ഒരു ദിവസം തുടങ്ങുമ്പോള്‍ സ്പര്‍ശിക്കുന്നതും കാണുന്നതും ഉറങ്ങുന്ന കിടക്കയും തലയിണയും ധരിച്ചിരിക്കുന്ന നിക്കര്‍ ഉള്‍പ്പെടെ അന്യമതക്കാരുടെ കൈകള്‍ തൊടാതെ എന്തെങ്കിലും വസ്തുക്കള്‍ താങ്കളുടെ ജീവിതത്തിലുണ്ടോയെന്ന് നൗഷാദ് ചോദിക്കുന്നു. അയലത്ത്‌ പോയി അൽപം ഭക്ഷണം കഴിച്ചത്‌ കൊണ്ടോ കൂട്ടുകരൊന്നിച്ച്‌ സമയം ചിലവഴിക്കുന്നത്‌ കൊണ്ടോ തകർന്ന് തരിപ്പണമായി പോകുന്നതാണോ ഒരു യഥാർത്ഥ വിശ്വാസിയുടെ വിശ്വാസമെന്നും നൗഷാദ് ചോദിക്കുന്നു. സമാധാനത്തിന്‍റെ മതമായ ഇസ്ലാം ഇന്ന് ഒരു പറ്റം തീവ്രവാദികളുടെകൂടി കൈപ്പിടിയിലായി പോയതിന് ഇത്തരം മതപ്രഭാഷകരും ഉത്തരവാദിയാണെന്നും നൗഷാദ് കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ ദിവസമാണ് എസ്കെഎസ്എഫ്എഫ് വേദിയില്‍ മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി ഓണാഘോഷത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയത്. 

നൗഷാദ്‌ മംഗലത്തോപിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി വ ബറക്ക'ത്‌ഹു

ശ്രീ. സിംസാർ

അന്യമതക്കാരന്റെ നിർമ്മാണ സാങ്കേതികയിലുണ്ടാക്കിയ അത്യാഡംബര വിദേശ വാഹനത്തുനുള്ളിലെ ശീതളകുളിർമ്മയിലിരുന്ന്, അന്യമതക്കാരൻ ഉണ്ടാക്കിയ വലിയ മൊബെയിലും ലാപ്ടോപ്പും ഉയോഗിച്ച്‌ അന്യമതക്കാരനുണ്ടാക്കിയ യു റ്റൂബിലൂടെ, അന്യമതക്കാരൻ മൊതലാളീടെ ഫെയ്‌സ്ബുക്കിലൂടെ സമുദായ വിപ്ലവം നടത്തുന്ന ഹൈടെക്‌ ഉസ്താദെ,

വളരെ ചുരുക്കി ചിലത്‌ പറഞ്ഞോട്ടെ

പ്രളയ കാലത്ത്‌ അപകട മരണത്തിൽ പെട്ടവരുടെ ജാതിമത രാഷ്ട്രീയം നോക്കാതെ പോസ്റ്റ്മാർട്ടത്തിനുവേണ്ടി ഒരു ഇസ്ലാം ആരാധനാലയം ഒരു മടിയുമില്ലാതെ തുറന്ന് കൊടുത്ത മലയാള നാടാണ്‌ താങ്കളുടെയും ജന്മ നാട്‌. അത്‌ മറക്കരുത്‌.

താങ്കളുടെ ഒരു ദിനം തുടങ്ങുന്നതും, സ്പർശിക്കുന്നതും കാണുന്നതും ഉറങ്ങുന്ന കിടക്കയും കട്ടിലും തലയിണയും എന്തിന്‌, താങ്കളിട്ടിരിക്കുന്ന നിക്കർ ഉൾപ്പടെ അന്യമതക്കാരുടെ കൈകൾ തൊടാത്ത എന്തെങ്കിലും താങ്കളുടെ ജീവിതത്തിലുണ്ടൊ..?

താങ്കളുടെ കുട്ടികളുടെ കൈയ്യിലിരിക്കുന്ന കളിപ്പാട്ടം, അവരിട്ടിരിക്കുന്ന ഡ്രസ്‌, കഴിക്കുന്ന ഭക്ഷണം, ഇതിൽ ഏതാണ്‌ അന്യമതക്കാരൻ തൊടാത്തത്‌?

എന്നിട്ടും നിങ്ങൾ ഇപൊഴും സിംസാറുൽ ഹഖ്‌ ഹുദവി തന്നെയല്ലെ? കാഫിറൊന്നുമായിട്ടില്ലല്ലൊ..?

അയൽപക്കത്ത്‌ അന്യമതക്കാരുണ്ടായത്‌ കൊണ്ട്‌ മാത്രം പട്ടിണിയില്ലാതെ ജീവിച്ച്‌ വളർന്ന് വലുതായ എത്രയൊ ബാല്യങ്ങൾ ഈ സമുദായത്തിലുണ്ടെന്നറിയുമൊ നിങ്ങൾക്ക്‌?

അയലത്ത്‌ പോയി അൽപം ഭക്ഷണം കഴിച്ചത്‌ കൊണ്ടൊ കൂട്ടുകരൊന്നിച്ച്‌ സമയം ചിലവ്ഴിക്കുന്നത്‌ കൊണ്ടൊ അങ്ങ്‌ തകർന്ന് തരിപ്പണമായി പോകുന്നതാണൊ ഒരു യഥാർത്ഥ വിശ്വാസിയുടെ വിശ്വാസം?

ചുമ്മാതല്ല സമാധാനത്തിന്റെ മതമായ ഇസ്ലാം ഇന്ന് ഒരു പറ്റം തീവ്രവാദികളുടെകൂടി കൈപ്പിടിയിലായി പോയത്‌..

ഇത്തരത്തിൽ ദീനി വളർത്താൻ ശ്രമിക്കുന്ന നിങ്ങളും അതിനുത്തരവാദിയാണ്‌.. അതും മറക്കരുത്‌..!

ഇനിയുമുണ്ട്‌, പറയാനൊരുപാടൊരുപാട്‌.
പക്ഷെ നിർത്തുന്നു
സ്നേഹപൂർവ്വം
നൗഷാദ്‌ മംഗലത്തോപ്‌

 

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ ടെലഗ്രാം, ഹലോ, ഷെയര്‍ ചാറ്റ് എന്നിവിടങ്ങളില്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

ഹലോയില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഷെയര്‍ ചാറ്റില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക