Asianet News MalayalamAsianet News Malayalam

തുടര്‍ഭരണം ചര്‍ച്ചയാക്കിയ ഐറിഷ് വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവിന്‍റെ കുറിപ്പ്; വൈറലാക്കി മലയാളികള്‍‍‍‍‍

'നിയോ ലിബറൽ നയങ്ങൾക്കെതിരെതിരെയുള്ള പോരാട്ടത്തിന് ഒരു പ്രതീക്ഷയാണ് തെരഞ്ഞെടുപ്പ് ഫലം. മുതലാളിത്തത്തിന് ബദലായി കേരളത്തെ നിലനിർത്തുന്ന എല്ലാ മലയാളി സഖാക്കൾക്കും നന്ദി.' എന്നായിരുന്നു ഏയ് ലിസ് റയന്റെ ഫേസ്ബുക്ക് കുറിപ്പ്.

facebook post by Eilis ryan Irish workers party leader
Author
Trivandrum, First Published May 6, 2021, 1:53 PM IST
  • Facebook
  • Twitter
  • Whatsapp

കേരളത്തിന്റെ തുടർഭരണത്തെക്കുറിച്ച് അയർലണ്ടിലെ വർക്കേഴ്സ് പാർട്ടി പ്രവർത്തകയായ ഏയ് ലിസ് റയന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. ഡബ്ളിൻ സെൻട്രൽ സിറ്റി കൗൺസിൽ അംഗവും ഫെമിനിസ്റ്റും സോഷ്യലിസ്റ്റുമാണ് ഏയ് ലിസ് റയനെന്നാണ്  മാധ്യമപ്രവർത്തകനായ രാജീവ് രാമചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വിശദമാക്കുന്നത്. 'മൂന്ന് കോടി ജനങ്ങളുള്ള കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ മികച്ച വിജയത്തോടെ അധികാരം നിലനിർത്തിയിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയെ മികച്ച രീതിയിൽ കൈകാര്യം ചെയ്തതാണ് വിജയത്തിന്റെ പ്രധാനകാരണം. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ആരോഗ്യമന്ത്രി തെരഞ്ഞെടുക്കപ്പെട്ടത്. മോദിയുടെ ഫാസിസ്റ്റ് പാർട്ടിയായ ബിജെപിക്ക് ഉണ്ടായിരുന്ന ഒരു സീറ്റുകൂടെ നഷ്ടപ്പെട്ടു. രാജ്യത്തെ മറ്റ് തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടി നേരിട്ടു. നിയോ ലിബറൽ നയങ്ങൾക്കെതിരെതിരെയുള്ള പോരാട്ടത്തിന് ഒരു പ്രതീക്ഷയാണ് തെരഞ്ഞെടുപ്പ് ഫലം. മുതലാളിത്തത്തിന് ബദലായി കേരളത്തെ നിലനിർത്തുന്ന എല്ലാ മലയാളി സഖാക്കൾക്കും നന്ദി.' എന്നായിരുന്നു ഏയ് ലിസ് റയന്റെ ഫേസ്ബുക്ക് കുറിപ്പ്.

In Kerala, India, a state of 34 million people, the communists have been returned to government with a resounding...

Posted by Éilis Ryan on Sunday, May 2, 2021

'ഏയ് ലിസ് റയൻ അയർലണ്ടിൽ എന്റെ സുഹൃത്താണ്. ഞങ്ങളുടെ പ്രവർത്തനങ്ങളിൽ അവർ സഹകരിക്കാറുണ്ട്.' അയർലണ്ടിൽ ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന വർ​ഗീസ് ജോയ് ഏഷ്യാനെറ്റ് ഡോട്ട് കോമിനോട് പറഞ്ഞു. ഈ പോസ്റ്റിൽ ആദ്യം കമന്റ് രേഖപ്പെടുത്തിയ മലയാളികളിൽ ഒരാളാണ് ഇദ്ദേഹം. ''അയർലണ്ടിലെ വർക്കേഴ്സ് പാർട്ടിയുടെ നേതാവാണ് ഏയ് ലിസ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളക്കുറിച്ച് വളരെ വ്യക്തമായി അറിയാവുന്ന വ്യക്തി കൂടിയാണ് ഏയ് ലിസ്. ഞങ്ങൾക്ക് ഇവിടെ ക്രാന്തി അയർലന്റ് എന്ന ഇടതു സാംസ്കാരിക സംഘടനയുണ്ട്. ക്രാന്തിയും വർക്കേഴ്സ് പാർട്ടിയും ഒരുമിച്ച് സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. യൂറോപ്പിലെ ജനങ്ങൾ കേരളത്തക്കുറിച്ച് വളരെ അറിവുള്ളവരാണ്.'' വര്‍ഗീസ് ജോയ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്കോമിനോട് വെളിപ്പെടുത്തി.

''വളരെ നല്ല പ്രാസം​ഗികയാണ് ഏയ് ലിസ് റയാൻ. ഏത് വിഷയത്തെക്കുറിച്ചും വ്യക്തമായ ബോധ്യത്തോടെ സംസാരിക്കുന്ന ആളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ക്രാന്തിയുമായി ബന്ധപ്പെട്ടാണ് ഞാൻ ഏയ് ലിസിനെ അറിയുന്നത്. ഫെമിനിസത്തെക്കുറിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ്. അതുപോലെ പ്രവർത്തനങ്ങളിൽ സ്ത്രീപങ്കാളിത്തം ഉറപ്പാക്കാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് വളരെ വ്യക്തമായി അറിയാവുന്ന ആളുകൂടിയാണ് അവർ. ഞങ്ങളുടെ കൂട്ടായ്മകളിൽ ഏറ്റവുമധികം ചർച്ച ചെയ്യുന്നതും കേരളത്തെക്കുറിച്ചാണ്.'' അയർലണ്ടിൽ നഴ്സായി ജോലി ചെയ്യുന്ന അശ്വതി പ്ലാക്കൽ പറയുന്നു. ക്രാന്തി സംഘടനയിലെ സജീവ അം​ഗവും എഴുത്തുകാരിയുമാണ് അശ്വതി പ്ലാക്കൽ. 

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മെയ് 2 നാണ് ഏയ് ലിസ് റയൻ ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. കുറിപ്പിട്ട് നാലുദിനം പിന്നിടുമ്പോൾ സൈബറിടത്തിൽ ഈ കുറിപ്പിനെക്കുറിച്ച് ചർച്ചകളും പ്രതികരണങ്ങളും സജീവമാകുകയാണ്. കമ്യൂണിസ്റ്റ് അനുഭാവികളായ നിരവധി മലയാളികളാണ് കുറിപ്പിന് താഴെ 'റെഡ് സല്യൂട്ട്' എന്ന് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 'ഐറിഷ് സഖാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ' നേർന്നവരുടെ എണ്ണവും കുറവല്ല. രണ്ടായിരത്തിനടുത്ത് ആളുകളാണ് ഇതുവരെ ഈ കുറിപ്പിൽ പ്രതികരണമറിയിച്ചിരിക്കുന്നത്. അതേ സമയം കൂടുതൽ പേരിലേക്ക് ഈ കുറിപ്പ് എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. നിരവധി പേർ‍ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios