സ്റ്റോക്ഹോം: ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോ വളര്‍ത്തിയിരുന്ന മുതലയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. സ്വീഡനിലെ സ്റ്റോക്ഹോമില്‍ സ്കാന്‍സെന്‍ അക്വേറിയത്തില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് മുതല 70കാരനെ ആക്രമിച്ചത്. സുരക്ഷ ഗ്ലാസിന്‍റെ അപ്പുറത്ത് കൈയിട്ടതാണ് മുതല ആക്രമിക്കാന്‍ കാരണമെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

പാര്‍ട്ടിക്കിടെ ഇയാള്‍ മുതലയെ പാര്‍പ്പിച്ച ചില്ലുകൂട്ടിന്മേല്‍ ചാരി നിന്ന് സംസാരിക്കുകയായിരുന്നു. അറിയാതെ ഒരുകൈ കൂടിനുള്ളിലിട്ട സമയം മുതല കടിക്കുകയായിരുന്നു. പാര്‍ട്ടിക്കെത്തിയവര്‍ പണിപ്പെട്ടാണ് മുതലയെ വേര്‍പ്പെടുത്തിയത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു.  

സ്കാന്‍സെന്‍ അക്വേറിയത്തില്‍ കാസ്ട്രോ, ഹില്ലരി എന്ന പേരുള്ള രണ്ട് ക്യൂബന്‍ മുതലകളെയാണ് വളര്‍ത്തുന്നത്. ക്യൂബന്‍ നേതാവായിരുന്ന ഫിദല്‍ കാസ്ട്രോ വളര്‍ത്തിയവയായിരുന്നു ഇത്. 1970ല്‍ അദ്ദേഹം റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് വ്ലാദ്മിര്‍ ഷാറ്റലോവിന് സമ്മാനമായി നല്‍കി. മോസ്കോ മൃഗശാലയില്‍നിന്ന് 1981ലാണ് മുതലകളെ സ്വീഡനിലേക്കെത്തിക്കുന്നത്. ഏറ്റവും ആക്രമണകാരികളായവയാണ് ക്യൂബന്‍ മുതലകള്‍.