അക്രമികള്‍ തന്നെയാണ് യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത്. തന്‍റെ കാല് വേദനിക്കുന്നുവെന്നും അഴിച്ച് വിടണമെന്നും ഷിനു കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം. 

മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം. ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ടാണ് യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചത്. മംഗളൂരു ബന്ദര്‍ തുറമുഖത്താണ് സംഭവം. തുറമുഖത്തെ മത്സ്യത്തൊഴിലാളിയായ ആന്ധ്ര സ്വദേശി വൈല ഷിനുവിനെയാണ് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. കൂട്ടത്തിലൊരാളുടെ മൊബൈല്‍ ഫോണ്‍ കാണാതെ പോയിരുന്നു. ഇത് ഷിനു മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തുറമുഖത്തുണ്ടായിരുന്ന ക്രെയിനില്‍ കെട്ടിത്തൂക്കിയിടുകയായിരുന്നു. അവിടെ വച്ചും മര്‍ദ്ദിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. അക്രമികള്‍ തന്നെയാണ് യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത്. തന്‍റെ കാല് വേദനിക്കുന്നുവെന്നും അഴിച്ച് വിടണമെന്നും ഷിനു കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ മോഷണം നടത്തിയെന്ന് സമ്മതിക്കെന്ന് അക്രമികള്‍ ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. യുവാവിനെ അക്രമിച്ച മത്സ്യത്തൊഴിലാളികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടൂര്‍ പോളയ്യ, ആവുല രാജ്കുമാര്‍, കാടങ്കരി മനോഹര്‍, വുതുകോരി ജലയ്യ, കര്‍പ്പിങ്കിരി രവി, ഗോവിന്ദയ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്. 

Scroll to load tweet…