ഹൈദരാബാദ്: ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ കൃഷ്ണ മൃഗങ്ങളെ വനംവകുപ്പും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. തെലങ്കാനയിലെ നന്ദിപേട്ട് മണ്ഡല്‍ ജില്ലയിലാണ് സംഭവം. അധികൃതരുടെയും മല്‍സ്യത്തൊഴിലാളികളുടെയും സമയോചിത ഇടപെടൽ മൂലമാണ് ഈ മിണ്ടാപ്രാണികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. 

കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെത്തുടര്‍ന്ന് പ്രദേശത്തെ നദികളും തോടുകളുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ഇതിനിടെ നദിയിലെ വിവിധ ഭാഗങ്ങളിലായി കൃഷ്ണമൃഗങ്ങള്‍ വെള്ളപ്പാച്ചിലില്‍ പെട്ടുപോകുകയായിരുന്നു. അഞ്ചോളം കൃഷ്ണമൃഗങ്ങള്‍ ഒഴുകിപ്പോകുന്നതായി കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം നിസാമാബാദ് ജില്ലാ വനംവകുപ്പ് അധികൃതരെ അറിയിച്ചു. 

പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്തെ മത്സ്യത്തൊഴിലാളികളും കൂടി ബോട്ടില്‍ വല വിരിച്ച് മൃഗങ്ങളെ രക്ഷിക്കുകയായിരുന്നു. സുരക്ഷിതമായി കരയ്ക്കെത്തിച്ച ഇവയെ വെള്ളപ്പൊക്കം ബാധിക്കാത്ത മേഖലയില്‍  തുറന്നുവിട്ടതായി അധികൃതർ അറിയിച്ചു.