കുറച്ച് ദിവസങ്ങളായി കുട്ടിപ്പട്ടാളങ്ങളാണ് സമൂഹമാധ്യമങ്ങളിൽ‌ താരങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. ഫുട്ബോൾ വാങ്ങാൻ പണം പിരിക്കാൻ മീറ്റിം​ഗ് കൂടിയും ഫ്രീ കിക്ക് അടിച്ചും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരായ കുട്ടികൾക്ക് ശേഷം വീണ്ടുമിതാ മറ്റൊരു കുട്ടിക്കൂട്ടം. വിറക് കമ്പിൽ താളമിട്ട് നാടൻപാട്ട് പാടിയാണ് ഇവരുടെ പ്രകടനം. പാട്ടിന്റെ ഭം​ഗി ഒട്ടും ചോർന്നു പോകാതെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ വീഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത. വേദിയിൽ പാടുന്ന അതേ ​ഗൗരവം തന്നെയാണ് പാട്ടുകാരന്റെ മുഖത്തുളളത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ കൈയടികളോടെയാണ് ഇവരെ ഏറ്റെടുത്തിരിക്കുന്നത്.  

"

ചെറിയൊരു കൈത്തോടിന്റെ കരയിലിരുന്നാണ് നാലുപേരും പാട്ടിൽ പങ്കാളികളാകുന്നത്. രണ്ട് പേരാണ് പാടുന്നത്. ഒരാൾ താളമിടുകയും മറ്റൊരാൾ ഏറ്റുപാടുകയും ചെയ്യുന്നുണ്ട്. ഫേസ്ബുക്ക് പേജ് പുറത്ത് വിട്ടിരിക്കുന്ന ഈ വീഡിയോയിൽ പാടുന്നത് അനന്തകൃഷ്ണൻ, അമർനാഥ് എന്നിവർ ചേർന്നാണെന്നും പിന്നണിയിൽ അരുണും കാശിനാഥും ആണെന്നും ക്യാപ്ഷൻ നൽകിയിട്ടുണ്ട്. കുട്ടികളെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമല്ല. അതേസമയം കുട്ടിക്കൂട്ടത്തിന്റ ഈ നാടൻപാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇതിനോടകം നിരവധിപ്പേരാണ് ഈ മിടുക്കന്മാരെ പ്രശംസിച്ച് രംഗത്തെത്തുന്നത്.