ദാസു: പ്രണയദിനത്തിൽ മൊബൈൽ ഫോൺ സമ്മാനിക്കാത്തതിനെ തുടർന്ന് കാമുകനെ പൊതുയിടത്തിൽ പൊതിരെ തല്ലുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. പൊതുയിടത്തിൽവച്ച് 52 തവണയാണ് യുവതി കാമുകനെ തല്ലിയത്. ചൈനയിലെ ദാസുവിലാണ് സംഭവം.

മെയ് 20-നായിരുന്നു ചൈനയിൽ പ്രണയദിനം ആഘോഷിച്ചത്. അന്നേദിവസം കാമുകിക്ക് മൊബൈൽ ഫോൺ സമ്മാനമായി നൽകാമെന്ന് യുവാവ് വാ​ഗ്‍‍ദാനം ചെയ്തിരുന്നു. എന്നാൽ വാ​ഗ്‍​ദാനം നിറവേറ്റാതെ തന്റെ മുന്നിലെത്തിയ കാമുകനെ യുവതി പൊതിരെ തല്ലുകയായിരുന്നു. തന്റെ മുഖത്ത് കാമുകി തലങ്ങും വിലങ്ങും അടിക്കുമ്പോൾ വളരെ നിസഹായകനായി തല്ല് കൊള്ളുകയാണ് യുവാവ്. യുവാവിനെ തല്ലുന്നത് കണ്ട് മനസ്സലിഞ്ഞ പലരും യുവതിയെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി വിടുന്ന മട്ടല്ലായിരുന്നു. ഒടുവിൽ പൊലീസ് എത്തിയപ്പോഴാണ് യുവതിയെ തല്ലുന്നത് നിർത്തിയത്.

അതേസമയം കാമിതാക്കൾ തമ്മിലുണ്ടായ തർക്കത്തിന് വ്യക്തമായ കാരണമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കാമുകന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും നൽകുന്നത് യുവതിയാണ്. അതുകൊണ്ട്തന്നെ പ്രണയദിനത്തിൽ തനിക്കൊരു മൊബൈൽ ഫോൺ പോലും വാങ്ങി തരാൻ കാമുകന് കഴിഞ്ഞില്ലല്ലോയെന്ന നിരാശയിലാണ് യുവതി ഈ ക്രൂരതയ്ക്ക് മുതിർന്നത്. താൻ സമ്മാനമൊന്നും നൽകാത്തതിൽ ദേഷ്യപ്പെട്ട് നിൽക്കുന്ന കാമുകിയോട് തന്നെ തല്ലി ദേഷ്യം തീർക്കാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു‌.