ഹൃദയം തൊടുന്ന വയലിന്‍ സംഗീതത്തിനൊപ്പം ആവേശമുണര്‍ത്തുന്ന ചെണ്ടമേളവും ഒത്തുചേര്‍ന്നാലോ? അതൊരു അസാധ്യ കോമ്പിനേഷന്‍ തന്നെയാകും. വയലിനും ചെണ്ടമേളവും സമന്വയിപ്പിച്ചുള്ള മനോഹരമായൊരു പ്രകടനത്തിന്‍ററെ വീഡിയോ സോഷ്യല്‍മീഡിയയല്‍ ഉച്ചസ്ഥായിയില്‍ കൊട്ടിക്കയറുകയാണ്. 

ഫേസ്ബുക്കില്‍ പങ്കുവെച്ച ഈ വീഡിയോയുടെ പശ്ചാത്തലം എന്താണെന്ന് വ്യക്തമല്ല. പക്ഷേ ഈ പ്രകടനം കാണുന്നവര്‍ നിറകയ്യടി നല്‍കുമെന്ന കാര്യം നിസ്സംശയം. മോഹന്‍ലാല്‍ നായകനായെത്തിയ ഹിറ്റ് ചിത്രം അഭിമന്യുവിലെ ഏറെ ജനപ്രീതി നേടിയ രാമായണക്കാറ്റേ എന്ന പാട്ടിന് മനോഹരമായി വയലിന്‍ വായിക്കുകയാണ് ഒരു യുവതി. ഇതിനൊപ്പം ചെണ്ടമേളവും ഒത്തുചേര്‍ന്നപ്പോള്‍ ആവേശം അലതല്ലി. മേളക്കാരുടെ നടുക്ക് നിന്നുകൊണ്ടാണ് യുവതി വയലിന്‍ വായിക്കുന്നത്. ഈ വീഡിയോ വൈറലായതോടെ യുവതി ആരാണെന്നുള്ള അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.