കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലോകമെമ്പാടും കരുതലും ജാ​ഗ്രതയും ശക്തമാക്കിയിരിക്കുകയാണ്. കൊവി‍ഡ് ഭീതി അകറ്റാൻ പല വിനോദങ്ങളിൽ ഏർപ്പെടുന്നവരുടെ വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. അത്തരത്തിലൊരു വീ‍ഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ബോളിവുഡ് ഹിറ്റ് ഗാനത്തിന് ചുവടുവച്ച് കൊറോണ പേടിയില്‍ നിന്ന് മുക്തി കണ്ടെത്താന്‍ ശ്രമിക്കുന്ന കാതറിന കൊറോസിഡോ എന്ന ഗ്രീക്ക് യുവതിയാണ് വീ‍ഡിയോയിലെ താരം. നൃത്തം ചെയ്യാന്‍ കണ്ടുപിടിച്ച പാട്ടും കാതറിനയുടെ ചുവടകളുമെല്ലാം അഭിനന്ദനം നേടുകയാണ്. 

മാധുരി ദീക്ഷിത്തിന്റെ 'എക് ദോ തീന്‍' എന്ന ഹിറ്റ് ഗാനത്തിനാണ് കാതറിന ചുവടുവച്ചിരിക്കുന്നത്. ഇവർക്കൊപ്പം ജോലി ചെയ്യുന്നയാളാണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ലോകം മുഴുവന്‍ കൊറോണ പേടിയില്‍ ആയിരിക്കുമ്പോള്‍ ആ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ നൃത്തം ചെയ്യുന്ന കാതറിന' എന്ന് കുറിച്ചാണ് വീഡിയോ 
പങ്കുവച്ചിരിക്കുന്നത്. 

കാതറിന നടി മാധുരി ദീക്ഷിത്തിന്റെ ആരാധികയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. @MadhuriDixit എന്ന ഹാഷ്​‍ടാഗോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് കാതറിനെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.