കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് വീഡിയോ ചെയ്തതിന് സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട ഹനാന്‍ ഹനാനി വീണ്ടും പ്രതികരണവുമായി രംഗത്ത്. റോഡരികില്‍ സ്കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത പെണ്‍കുട്ടിയാണ് ഹനാന്‍.

ഹനാന്‍, എന്‍റെ ടിക് ടോക് രാഷ്ട്രീയം എന്ന പേരില്‍ ചെയ്ത വീഡിയോയ്ക്കെതിരെയാണ് കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സൈബര്‍ ആക്രമണം നടന്നത്. "ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ... അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം''. ഇങ്ങനെയാണ് ഹനാൻ ആദ്യ വീഡിയോയിൽ പറഞ്ഞത്‌.

പിണറായിയുടെ മാസ് ഡയലോഗുമായി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഹനാന്‍റെ മറുപടി

ഈ വീഡിയോ ഫേസ്ബുക്കിലെ തന്‍റെ പേജിലൂടെ ഹനാന്‍ പങ്കുവെച്ചതോടെ അധിക്ഷേപ കമന്‍റുകള്‍ നിറഞ്ഞു. ഇപ്പോള്‍ എന്‍റെ ടിക് ടോക് രാഷ്ട്രീയം പാര്‍ട്ട് മൂന്നിലൂടെയാണ് ഹനാന്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തിയിരിക്കുന്നത്. ജീവന് വേണ്ടി സർക്കാരും അധികാരത്തിനായി പ്രതിപക്ഷവും പൊരുതുകയാണെന്ന് ഹനാന്‍ വീഡിയോയില്‍ പറയുന്നു.

 ''സമൂഹത്തിൽ ഒരു പെൺകുട്ടി പ്രതികരിച്ച് പോയാല്‍ പ്രതിപക്ഷ നേതാവിന് പിന്നെ ഉസ്മാനെ വിളിക്കാനൊന്നും നേരം കാണില്ല. സതീശന്‍ ടീമിന്‍റെ ഭരണിയാണ് ഇവരുടെ മെയിന്‍ ഐറ്റം. സ്വീകരിക്കാത്ത വീടിന്‍റെ കടപ്പാട് തലയില്‍ കെട്ടിവച്ച് തെറിയഭിഷേകം നടത്തിയത് പോരാതെ ശരീര അവയവങ്ങളുടെ കണക്കെടുപ്പ് നടത്തി ബോഡി ഷെയ്മിംഗിന് വിധേയയാക്കുക.

പരസ്യമായ ലൈംഗിക അതിക്രമം നടത്താനുള്ള അണികളുടെ ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് വെല്ലുവിളിക്കുക. ഇവരോടൊക്കെ തനിക്ക് ഒന്നേ ചോദിക്കാനുള്ളൂ. നിങ്ങളുടെ വീട്ടിലുള്ള അമ്മയ്ക്ക് പെങ്ങള്‍ക്കമുള്ളതില്‍ നിന്നും എന്താണ് വ്യത്യാസം. തന്നെ പോലെ പത്തു പെൺകുട്ടികൾ നാളെ എതിർത്ത് സംസാരിച്ചാൽ... പൊതുജനങ്ങൾ ചിന്തിക്കുക. അടുത്ത തെരഞ്ഞെടുപ്പിന് പ്രതിപക്ഷം ഭരണത്തിൽ വന്നാല്‍ സംസ്ഥാനത്തെ പെൺകുട്ടികളുടെ സുരക്ഷ എന്താകുമെന്നും'' ഹനാന്‍ ചോദിച്ചു.

'വി ഗ്രൂപ്പ്‌ വെട്ടുകിളിക്കൂട്ടത്തിന്റെ മൊഴിമുത്തുകള്‍'; ഹനാന് പിന്തുണയുമായി പി വി അന്‍വര്‍

നേരത്തെ,  ടിക് ടോക് രാഷ്ട്രീയം പാര്‍ട്ട് 2 എന്ന പേരില്‍ പുതിയ വീഡിയോയില്‍ പ്രതിപക്ഷ നേതാവ് വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ആ വാഗ്ദാനം താന്‍ സ്നേഹത്തോടെ നിരസിക്കുകയായിരുന്നുവെന്ന് ഹനാന്‍ വ്യക്തമാക്കിയിരുന്നു. പഠിച്ച് നല്ല നിലയില്‍ എത്തുമ്പോള്‍ ഒരു വീട് വയ്ക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഹനാന്‍ പറഞ്ഞു. ഒരു സാധാരണക്കാരി എന്ന നിലയില്‍ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് യോജിക്കാം അല്ലെങ്കില്‍ വിയോജിക്കാമെന്നും ഹനാന്‍ വീഡിയോയില്‍ പറഞ്ഞു.