ഹൈദരാബാദ്: കരകവിഞ്ഞൊഴുകുന്ന അരുവിൽ അകപ്പെട്ട നായയെ അതിസാഹികമായി രക്ഷപ്പെടുത്തി ഹോംഗാർഡ്. തെലങ്കാനയിലെ നാഗർകുർനൂൽ മേഖലയിലാണ് സംഭവം. മുജീദ് എന്ന ഹോംഗാർഡാണ് സ്വന്തം ജീവൻ പണയം വച്ച് നായയ്ക്ക് രക്ഷകനായത്. നായയെ രക്ഷിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ മുജീദിനെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തുകയാണ്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നാഗർകുർനൂൽ മേഖലയിൽ ശക്തമായ മഴ പെയ്യുകയായിരുന്നു. ഇതോടെ സമീപത്തുകൂടെ ഒഴുകുന്ന അരുവി കരകവിഞ്ഞു. ഇതിനിടയിലാണ് അരുവിയോട് ചേർന്നുള്ള കുറ്റിക്കാടിനുള്ളിൽ തെരുവുനായ അകപ്പെട്ടത്. ചുറ്റും വെള്ളം ശക്തമായി ഒഴുകുന്നതിനാൽ കര കയറാനാകാതെ നായ അകപ്പെട്ടു. 

ഇതിനിടയിലാണ് അപകടത്തിൽപ്പെട്ട നായയെ ഹോംഗാർഡ് മുജീദിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ജെസിബിയുടെ സഹായത്താൽ കുത്തിയൊലിക്കുന്ന അരുവിൽ ഇറങ്ങിയ മുജീദ്, നായയെ രക്ഷിക്കുകയായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി പേരാണ് മുജീദിന് അഭിനന്ദനവുമായി രംഗത്തെത്തുന്നത്. 

മേഖലയിൽ വെള്ളം ഉയരുന്നതിനാൽ പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തെ നേരത്തേ ഇവിടെ വിന്യസിച്ചിരുന്നുവെന്ന് സർക്കിൾ ഇൻസ്പെക്ടർ ഗാന്ധി നായിക് പറയുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ആളാണ് മുജീദ്.