ഫ്ലോറിഡയിലെ നോര്‍ത്ത് ഫോർത്ത് മെയേഴ്സ് ഷോപ്പിലാണ് തലയോട്ട് കണ്ടെത്തിയിരിക്കുന്നത്. ഒരു വർഷം മുൻപ് വാങ്ങിയ ഗോഡൌണിൽ നിന്ന് കിട്ടിയതാണ് തലയോട്ടിയെന്നാണ് കടയുടമ വിശദമാക്കുന്നത്

ഫ്ലോറിഡ: ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങാനെത്തിയ നരവംശ ശാസ്ത്രജ്ഞന്‍ കടയില്‍ കണ്ടെത്തിയത് 'റിയല്‍' തലയോട്ടി. ഭയപ്പെടുത്തുന്ന രീതിയില്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജനിറങ്ങുന്ന സീസണ്‍ ആയതുകൊണ്ട് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് കയ്യില്‍ കിട്ടിയിരിക്കുന്നത് യഥാര്‍ത്ഥ തലയോട്ടി തന്നെയാണെന്ന് നരവംശ ശാസ്ത്രജ്ഞന്‍ സ്ഥിരീകരിച്ചത്. ഫ്ലോറിഡയിലാണ് സംഭവം. ഫ്ലോറിഡയിലെ നോര്‍ത്ത് ഫോർത്ത് മെയേഴ്സ് ഷോപ്പിലാണ് തലയോട്ട് കണ്ടെത്തിയിരിക്കുന്നത്. ഒരു വർഷം മുൻപ് വാങ്ങിയ ഗോഡൌണിൽ നിന്ന് കിട്ടിയതാണ് തലയോട്ടിയെന്നാണ് കടയുടമ സ്ഥലത്തെത്തിയ പൊലീസുകാരോട് വിശദമാക്കിയിരിക്കുന്നത്.

പ്രാദേശിക മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ തലയോട്ടിയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. സംഭവത്തിൽ ദുരൂഹതയുണ്ടാവില്ലെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്. ഫ്ലോറിഡയിലെ നിയമങ്ങൾ അനുസരിച്ച് ആരും അറിഞ്ഞുകൊണ്ട് മനുഷ്യ ശരീരത്തിലെ ഭാഗങ്ങള്‍ വാങ്ങുവാനോ വിൽക്കുവാനോ പാടില്ല. കണ്ണുകൾ, കോർണിയ, കിഡ്നി, കരൾ, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ്, അസ്ഥികൾ, ത്വക്ക് എന്നിവയെല്ലാം ഈ നിയമത്തിന് കീഴില്‍ വരുന്നതാണ്. ഈ സംഭവത്തില്‍ തല്‍ക്കാലം ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. സെപ്തംബറില്‍ അരിസോണയിലെ ഒരു സംഭാവനാ പെട്ടിയില്‍ തലയോട്ടി കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയില്‍ ഈ തലയോട്ടിക്ക് ക്രിമിനല്‍ കേസുകളുമായി ബന്ധമുള്ള ആരുടേയുമാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഹാലോവീൻ ആഘോഷത്തേക്കുറിച്ച് ഒരുപാട് കഥകളാണ് പ്രചാരം നേടിയിട്ടുള്ളത്. ക്രിസ്തുമതത്തിന്‍റെ ഉത്ഭവത്തിനു മുന്‍പ് യൂറോപ്പില്‍ തുടങ്ങിയ ഒരു വിളവെടുപ്പുകാല ആഘോഷമാണ് ഹാലോവീന്റെ തുടക്കമെന്നാണ് പറയപ്പെടുന്നത്. ഇന്നത്തെ രൂപത്തില്‍ ഹാലോവീന്‍ ആഘോഷിക്കപ്പെടുന്നതിനു പിന്നില്‍ പല ജനതകളുടെ ആചാരങ്ങളും, അന്ധവിശ്വാസങ്ങളും, വിശ്വാസങ്ങളും, നാടോടിക്കഥകളും, കച്ചവടതന്ത്രങ്ങളുമെല്ലാം കൂടിക്കലര്‍ന്നു പരസ്പരം ഒട്ടിച്ചേര്‍ന്നു കിടക്കുന്നുണ്ട്.

പ്രാചീന ഐര്‍ലന്‍ഡിലെ കര്‍ഷകര്‍ മഞ്ഞുകാലത്തിനു മുന്നോടിയായുള്ള വിളവെടുപ്പ് സമയത്ത് നടത്തിവന്ന ഉത്സവത്തില്‍ മരണപ്പെട്ടു പോയ തങ്ങളുടെ പൂര്‍വികരും പങ്കെടുക്കുന്നുവെന്നു വിശ്വസിച്ചിരുന്നു. അതിനായി അവര്‍ മരിച്ചു പോയവരുടെ രൂപങ്ങള്‍ കെട്ടിയാടി നൃത്തം ചെയ്തുപോന്നു. പില്‍ക്കാലത്ത് ക്രിസ്തുമതം പ്രചരിച്ചപ്പോള്‍ പിശാച് എന്ന സങ്കല്‍പ്പം ശക്തിപ്രാപിക്കുകയും ഹാലോവീന്‍ ആഘോഷങ്ങളില്‍ മരണം എന്നതിന്‍റെ പ്രതീകമായി പിശാചുക്കളും മറ്റു ബീഭത്സ നരക ജീവികളും കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു.