കൊവിഡ് 19 വ്യാപനം തടയാനുള്ള കടുത്ത പരിശ്രമത്തിലാണ് ലോക രാജ്യങ്ങൾ. പല രാജ്യങ്ങളും അവരുടേതായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുമുണ്ട്. വൈറസ് വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്ന് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം വളർത്താൻ സമൂഹമാധ്യമങ്ങളിൽ പല ക്യാംപെയ്നുകളും പ്രത്യക്ഷപ്പെടുന്നുമുണ്ട്.

കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്തരത്തിൽ ഹൈദരാബാദിലെ രാചക്കൊണ്ട ട്രാഫിക് പൊലീസിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. 

സി​ഗ്നലിൽ വച്ച് അഞ്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ വൈറസ് പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ച് യാത്രക്കാർക്ക് പറഞ്ഞുകൊടുക്കുന്നത് വീഡിയോയിൽ കാണാം. ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ മൈക്കിലൂടെ കാര്യങ്ങൾ വിവരിക്കുകയും മറ്റുള്ളവർ അവ ആം​ഗ്യരൂപേണ കാണിക്കുകയും ചെയ്യുന്നുണ്ട്. 

ഇരുപത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഹസ്തദാനം ചെയ്യുന്നതിന് പകരം നമസ്തേ പറയണമെന്നും ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുന്നു. രാച്ചക്കൊണ്ട പൊലീസിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പൊലീസുകാരെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു