ദില്ലി: പരിശീലനത്തിനിടെ നിയന്ത്രണം തെറ്റിയ യുദ്ധവിമാനത്തിലിരുന്ന് സമയോചിതമായ തീരുമാനം എടുത്ത് വ്യോമസേന പൈലറ്റ് ഒഴിവാക്കിയത് വന്‍ ദുരന്തം. അംബാല വ്യോമസേന താവളത്തിലാണ് സംഭവം അരങ്ങേറിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്യോമസേന തന്നെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു. 

സംഭവം ഇങ്ങനെ, അംബാല വ്യോമസേന കേന്ദ്രത്തില്‍ നിന്നും പരിശീലനത്തിനായി ജാഗ്വാര്‍ വിമാനം പറന്നുയര്‍ന്ന് പത്താം സെക്കന്‍റില്‍ വിമാനം പക്ഷികൂട്ടത്തില്‍ ഇടിച്ച് അതിന്‍റെ നിയന്ത്രണം നഷ്ടമായി. ഇടിയില്‍ ഒരു എഞ്ചിന് തകരാര്‍ സംഭവിച്ചു വലിയ ഒരു അപകടം പൈലറ്റ് മുന്നില്‍കണ്ടു. ഇതോടെ വിമാനത്തിലെ അധികമുള്ള ഇന്ധന ടാങ്കും, ബോംബുകളും പൈലറ്റ് വിമാനത്തില്‍ നിന്നും വിടുവിച്ചു. ഇവ റണ്‍വേയ്ക്ക് അടുത്തുള്ള കുറ്റിക്കാട്ടില്‍ വീണു പൊട്ടി. 

ഇവ വിടുവിച്ചില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ വിമാനം ജനവാസ കേന്ദ്രത്തിലോ വ്യോമസേന കെട്ടിടത്തിലോ പതിക്കുമായിരുന്നു. പത്ത് കിലോയോളമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. ആളപായം ഇല്ലെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്. ഉപരിതല ആക്രമണത്തിന് ഉപയോഗിക്കുന്ന ബ്രിട്ടീഷ് നിര്‍മ്മിത പോര്‍ വിമാനങ്ങളാണ് ജാഗ്വാറുകള്‍.