മൂഹമാധ്യമങ്ങൾ വ്യാപകമായതോടെ മറ്റുള്ളവർക്ക് പ്രചോദനമാകുന്ന നിരവധി വാർത്തകൾ ഓരോ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. പരീക്ഷകൾക്ക് ലഭിക്കുന്ന മാർക്കല്ല മറിച്ച് നിശ്ചയദാർഢ്യമാണ് ജീവിത വിജയത്തിന് പിന്നിലെന്ന് തെളിയിക്കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ നിതിൻ സാങ്‌വാൻ.

ട്വിറ്ററിൽ തന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പങ്കുവെച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്നത്. ഈ പരീക്ഷയിൽ ഇദ്ദേഹത്തിന് കെമിസ്ട്രി പേപ്പറിന് ലഭിച്ചത് വെറും 24 മാർക്ക്. പാസ് മാർക്കിനേക്കാൾ ഒരു മാർക്ക് കൂടുതൽ. ജീവിതത്തിൽ എന്താകണമെന്ന തന്റെ ആഗ്രഹത്തെ നിർണയിച്ചത് ഈ മാർക്കല്ലെന്ന് നിതിൻ പറയുന്നു. 

ജീവിതമെന്നത് ബോർഡ് എക്സാം അല്ലെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറയുന്നു. പരീക്ഷാഫലത്തിലൂടെ ആത്മപരിശോധനയാണ് നടത്തേണ്ടത്, വിമർശനമല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.

2002 ബാച്ചിലെ മാർക്ക് ലിസ്റ്റാണ് നിതിൻ ട്വിറ്ററിൽ പങ്കുവെച്ചത്. കെമിസ്ട്രി പേപ്പറിൽ മാർക്ക് കുറഞ്ഞെങ്കിലും മദ്രാസ് ഐഐടിയിലാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ ഡപ്യൂട്ടി മുൻസിപ്പൽ കമ്മീഷണറാണ് നിതിൻ ഇപ്പോൾ. 2015 ലെ ഐഎഎസ് പരീക്ഷയിൽ 28-ാം റാങ്ക് നേടിയായിരുന്നു വിജയം.