മിഷിഗണ്‍: അടുക്കളയിലെ വെള്ളത്തൊട്ടി കുളിമുറിയാക്കി ഹോട്ടല്‍ ജീവനക്കാരന്‍. വീഡിയോ വൈറലായതോടെ ഹോട്ടല്‍ ശൃംഖലയ്ക്കെതിരെ പ്രതിഷേധം. ലോകപ്രശസ്തമായ വിന്‍ഡീസിന്‍റെ  നോര്‍ത്ത് കരോലിനയിലെ ഗ്രീന്‍വില്ലീസിലെ ഹോട്ടലില്‍ നിന്നെന്ന അവകാശ വാദത്തോടെ പ്രചരിച്ച വീഡിയോയെ തുടര്‍ന്നാണ് വിവാദം.

ടിക് ടോകില്‍ വന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ നിരവധിയാളുകളാണ് രൂക്ഷ വിമര്‍ശനവുമായി എത്തുന്നത്. ഹോട്ടലിന്‍റെ അടുക്കളയിലെ സിങ്കിനുള്ളില്‍ സോപ്പുപത നിറഞ്ഞ വെള്ളത്തില്‍ കിടക്കുന്ന യുവാവിന് വിന്‍ഡീസിന്‍റെ യൂണിഫോമിട്ട ഒരാള്‍ ശരിക്ക് കുളിക്കാന്‍ ആവശ്യപ്പെട്ട് തുണി പോലൊരു വസ്തു നല്‍കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. തറയില്‍ സിങ്കില്‍ നിന്ന് നിറഞ്ഞൊഴുകുന്ന സോപ്പുവെള്ളം കിടക്കുന്നതും വീഡിയോയില്‍ കാണാം. 

 

ചൂട് വെള്ളത്തില്‍ കുളിക്കുന്നത് പോലെയുണ്ട് എന്ന് പറഞ്ഞ് ഈ വെള്ളത്തിലെ കിടപ്പ് യുവാവ് ആസ്വദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ വൈറലായതോടെ ഹോട്ടലിന്‍റെ ശുചിത്വത്തെക്കുറിച്ച് രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

തൊഴില്‍ ചെയ്യുന്ന സ്ഥലത്ത് സാമാന്യ മര്യാദകള്‍ പാലിക്കാതെ പെരുമാറുന്ന ജീവനക്കാരെയും സമൂഹമാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിന്‍ഡീസിന്‍റെ ഫ്ലോറിഡയിലെ ഹോട്ടലിലും സമാനമായ സംഭവമുണ്ടായിരുന്നു.